കോഴിക്കോട്: കാശ്യപാശ്രമം വേദക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷ് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. കർണാടകയിലെ സുള്ള്യയിൽ നിന്നുള്ള പ്രശസ്ത പണ്ഡിതൻ വിദ്വാൻ ഹരീഷ് ഭട്ടിന്റെ മുഖ്യകാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്. രാവിലെ മുതൽ ആരംഭിച്ച ശ്രീമഹാഗണാധീശ്വരഹോമം, ദിക്പാലകഹോമം, കർമസദ്ഗുണ്യദേവതാഹോമം തുടങ്ങിയവയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
ക്ഷേത്ര വിധിപ്രകാരമുള്ള അതിവിശിഷ്ടമായ കർമ്മങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി നടന്നത്. മഹാമൃത്യുഞ്ജയശാന്തിഹോമം, സർവാരീഷ്ടശാന്തിഹോമം എന്നിവയ്ക്ക് പിന്നാലെ നടന്ന മഹാവിഷ്ണുയാഗവും കലശപ്രതിഷ്ഠകളും ചടങ്ങുകൾക്ക് ഐശ്വര്യം പകർന്നു. മഹാവിഷ്ണുകലശം, ചൈതന്യകലശം, ഉദകശാന്തികലശം എന്നിവയുടെ പ്രതിഷ്ഠാകർമ്മങ്ങളും വിധിപ്രകാരം പൂർത്തിയാക്കി. പുണ്യാഹവാചനം, നാന്ദി, വേദപ്രതിഷ്ഠാപൂജ, പ്രതിഷ്ഠാകലശസംപ്രോക്ഷണം എന്നിവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് നടന്നത്. വസോർധാരാ, പൂർണാഹുതി എന്നിവയോടെ യാഗകർമ്മങ്ങൾ സമാപിച്ചു.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും സംഗീതാരാധനയിലും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എം.ആർ. വേദലക്ഷ്മിയുടെ സംഗീതാരാധന ചടങ്ങുകൾക്ക് കലാപരമായ മിഴിവേകി. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. കെ. ജയന്ത്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി. റെനീഷ്, എസ്.എൻ.ഡി.പി കോഴിക്കോട് യൂണിയൻ സെക്രട്ടറി സി. സുധീഷ് എന്നിവർ പങ്കെടുത്തു.

