തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്.എയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിവരം. ആകെ മൂന്ന് പേഴ്സണല് സ്റ്റാഫ് അംഗങ്ങളാണ് എം.എല്.എയ്ക്ക് ഉണ്ടായിരുന്നത്. ഇതില് പി.എ വിമലും ഡ്രൈവര് കുഞ്ഞുമുഹമ്മദുമാണ് ഇപ്പോള് പടിയിറങ്ങിയിരിക്കുന്നത്.
തദ്ദേശ വകുപ്പില് ജോലി ചെയ്തിരുന്ന വിമല് ഡെപ്യൂട്ടേഷനിലാണ് പി.എ ആയി എത്തിയത്. കോണ്ഗ്രസ് അനുകൂല സര്വീസ് സംഘടനയുടെ നേതാവ് കൂടിയാണ് അദ്ദേഹം. വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് വിമല് രാജിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, അമിതമായ ജോലിഭാരമാണ് കാരണമെന്ന് രമ്യാ ഹരിദാസ് പിന്നീട് വ്യക്തമാക്കിയിരുന്നു. പേഴ്സണല് സ്റ്റാഫ് അംഗങ്ങളുടെ തുടര്ച്ചയായ രാജി പാര്ട്ടിക്കുള്ളില് ചര്ച്ചയായിട്ടുണ്ട്. സംഭവത്തില് കോണ്ഗ്രസ് നേതൃത്വം എം.എല്.എയോട് വിശദീകരണം തേടിയേക്കുമെന്നാണ് സൂചന.
ചിറയിന്കീഴിലുണ്ടായ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് ഈ കൂട്ടരാജി എന്നത് ശ്രദ്ധേയമാണ്. ചിറയിന്കീഴില് രമ്യ ഹരിദാസ് എം.എല്.എയും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മില് സെപ്റ്റംബര് നാലിന് വാക്കുതര്ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഈ സംഭവത്തില് എം.എല്.എയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പക്വതയോടെ ഇടപെടാന് സാധിച്ചില്ലെന്നും അന്വേഷണ സമിതി കണ്ടെത്തുകയുണ്ടായി. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള് കെ.പി.സി.സിയെ ഔദ്യോഗികമായി അറിയിക്കുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കുകയാണ് ചെയ്തതെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പാര്ട്ടി അധ്യക്ഷന് എം.എല്.എയ്ക്ക് താക്കീത് നല്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ സ്റ്റാഫിന്റെ രാജി എം.എല്.എയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

