ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. വ്യോമസേനയുടെ സുരക്ഷിത ആശയവിനിമയത്തിനായി GSAT-7C ഉപഗ്രഹ ശേഷിയും നാവികസേനയുടെ അന്തര്‍വാഹിനിവിരുദ്ധ പോരാട്ടവീര്യം വര്‍ധിപ്പിക്കാന്‍ വരുണാസ്ത്ര ഹെവി വെയ്റ്റ് ടോര്‍പ്പിഡോകളും സ്വന്തമാക്കുന്നതിനാണ് കരാറുകള്‍.
ഒക്ടോബര്‍ 15 വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ (അക്വിസിഷന്‍) എ. അന്‍ബരസുവിന്റെ സാന്നിധ്യത്തിലാണ് ഇവ ഒപ്പുവെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് തദ്ദേശീയമായി നിര്‍മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍. വ്യോമസേനയുടെ ആശയവിനിമയ ശൃംഖല ശക്തമാക്കുന്നതിനായി ബെംഗളൂരുവിലെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി 2,563 കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന GSAT-7C ഉപഗ്രഹം വഴി സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ പ്ലാറ്റ്ഫോമുകള്‍ തമ്മില്‍ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ആശയവിനിമയം ഉറപ്പാക്കാനും സാധിക്കും.
രണ്ടാമതായി, ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 1,543 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. നാവിക ശാസ്ത്ര സാങ്കേതിക ലബോറട്ടറി വികസിപ്പിച്ച തദ്ദേശീയ നിര്‍മിത വരുണാസ്ത്ര ടോര്‍പ്പിഡോകള്‍ നാവികസേനയ്ക്ക് കൈമാറുന്നതാണ് ഈ കരാര്‍. ദീര്‍ഘദൂരത്തിലുള്ള ശത്രു അന്തര്‍വാഹിനികളെ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്ര കടലിലെ ഇന്ത്യയുടെ സുരക്ഷാ കവചം കൂടുതല്‍ ഭദ്രമാക്കും.

