കൊച്ചി : നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന് എതിരായ കള്ളപ്പണക്കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ തന്നെ നോട്ടീസ് നൽകും. നേരത്തെ ആന്റോ ആന്റണിക്ക് 2019-ൽ രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ് ഉടമ എൻ.എം. രാജു വെളിപ്പെടുത്തയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.എൻ.എം. രാജു തുക കൈമാറിയിട്ടുണ്ടെങ്കിൽ ഈ പണം കുറ്റകൃത്യത്തിൽനിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മാത്രമല്ല, ഈ പണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇത് തെരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കും.
2019-ൽ ആന്റോ ആന്റണിക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രണ്ടുകോടി രൂപ നൽകിയെന്നായിരുന്നു എൻ.എം. രാജുവിന്റെ വെളിപ്പെടുത്തൽ. പലതവണ ആവശ്യപ്പെട്ടിട്ടും ഈ തുക തിരികെ നൽകിയില്ല. ആകെ 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. തന്ത്രിക്ക് തന്റെ സ്ഥാപനത്തിൽ അക്കൗണ്ടില്ലെന്നും എൻ.എം. രാജു പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം ആന്റോ ആന്റണി നിഷേധിച്ചു. പണം സ്വീകരിച്ചെന്ന് എംപി പറഞ്ഞെങ്കിലും തുക എത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. മാത്രമല്ല, വാങ്ങിയ പണം താൻ തിരികെ നൽകിയതായും എംപി പറഞ്ഞിരുന്നു.
ശബരിമല സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട ചിലർ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നെന്നും സ്ഥാപനം പൂട്ടിയിട്ടും പോലീസ് പരാതി നൽകിയിട്ടില്ലെന്നും ആരോപണങ്ങൾ ഉയർന്നു. ശബരിമല കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി.യും ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.കേരളത്തിലാകെ 150-ഓളം ശാഖകളുണ്ടായിരുന്നനെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് രണ്ടുവർഷം മുമ്പാണ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകാതെ കേസിൽ അകപ്പെട്ടത്. 2024 മേയ് ഏഴിന് സ്ഥാപന ഉടമ എൻ.എം. രാജു(64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ തട്ടിപ്പ് എന്നന്വേഷിക്കാൻ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

