കറാച്ചി :ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് പശ്ചിമേഷ്യയിലും അയൽരാജ്യങ്ങളിലും അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ ഇന്ന് ഉച്ചയോടെ പ്രതിഷേധക്കാർ ഇരച്ചുകയറി. കോൺസുലേറ്റിന്റെ കവാടം തകർത്ത് അകത്തുകടന്ന പ്രതിഷേധക്കാർ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകർക്കാൻ ശ്രമിക്കുകയും തീയിടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കോൺസുലേറ്റിന് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലേറ് നടത്തിയതോടെ കറാച്ചി നഗരം യുദ്ധക്കളമായി മാറി.
കറാച്ചിക്ക് പുറമെ ഇറാഖിലും മറ്റ് അയൽരാജ്യങ്ങളിലും അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖമേനിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ വിരുദ്ധ പ്രതിഷേധം പടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് യുഎസ് കോൺസുലേറ്റുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നെങ്കിലും അത് മറികടന്നാണ് പ്രതിഷേധക്കാർ അകത്തുകടന്നത്. കോൺസുലേറ്റ് ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് നിലവിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇറാഖിലെ ബാഗ്ദാദിലും പ്രക്ഷോഭകാരികൾ അമേരിക്കൻ എംബസിക്ക് നേരെ മാർച്ച് നടത്തിയതായും വിവരങ്ങളുണ്ട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഖമേനി കൊല്ലപ്പെട്ടത് മുസ്ലിം ലോകത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കൻ താല്പര്യങ്ങൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതോടെ ആഗോളതലത്തിൽ തന്നെ വലിയ സുരക്ഷാ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

