ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഗൾഫ് മേഖലയിൽ യാത്രാതടസ്സം നേരിട്ട് നൂറുകണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ദുബായിൽ മാത്രം എംബിഎ വിദ്യാർത്ഥികളടക്കം വലിയൊരു സംഘം നാട്ടിലേക്ക് മടങ്ങാനാകാതെ വലയുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും തിരിച്ചടിയായി.
പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 എംബിഎ വിദ്യാർത്ഥികളാണ് നിലവിൽ ദുബായിൽ കുടുങ്ങിയിരിക്കുന്നത്. പഠനയാത്രയുടെ ഭാഗമായി എത്തിയ ഇവർ സുരക്ഷിതരാണെന്നും ഇവരെ താൽക്കാലികമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ടെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് പുറമെ കർണാടകയിൽ നിന്നുള്ള വലിയൊരു സംഘവും ദുബായിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ ബെല്ലാരി സിറ്റി എംഎൽഎ നാര ഭാരത് റെഡ്ഡിയും അദ്ദേഹത്തിന്റെ 15 അംഗ കുടുംബവും ഉൾപ്പെടുന്നു. പഠനാവശ്യത്തിനായി പോയ 150 അംഗ വിദ്യാർത്ഥി സംഘവും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം ഇരുന്നൂറോളം കന്നഡികർ നിലവിൽ ദുബായ് വിമാനത്താവളത്തിലും പരിസരത്തുമായി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ദുബായിൽ കുടുങ്ങിയവരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സഹായത്തിനായി കർണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇതിനോടകം തുറന്നിട്ടുണ്ട്. യുദ്ധസാഹചര്യം മാറുന്ന മുറയ്ക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് അധികൃതരുടെ നീക്കം.

