സിൻസിനാറ്റി: എഐ അധിഷ്ഠിത വോയ്സ് അസിസ്റ്റന്റ് ഉപകരണമായ ആമസോൺ അലക്സയിൽ നിന്ന് നാലുവയസ്സുകാരിക്ക് നേരിടേണ്ടി വന്ന അസ്വാഭാവികമായ അനുഭവം ആഗോളതലത്തിൽ ചർച്ചയാകുന്നു.തന്റെ മകളോട് എന്താണ് ധരിച്ചതെന്നും ധരിച്ച വസ്ത്രം കാണിച്ചുതരാമോ എന്നും അലക്സ ചോദിച്ചതായി അമേരിക്കയിലെ ടെക്സസിൽ നിന്നുള്ള ക്രിസ്റ്റി ഹോസ്റ്റെർമാൻ എന്ന യുവതി പറഞ്ഞു. ഇത്തരം വെർച്വൽ അസിസ്റ്റന്റുകളുടെ കാര്യത്തിൽ അതിയായ ശ്രദ്ധ വേണമെന്നും അവർ കൂട്ടിച്ചേർത്തു.
പതിവുപോലെ അലക്സയോട് ഒരു തമാശക്കഥ പറയാൻ കുട്ടി ആവശ്യപ്പെടുകയും കഥയ്ക്ക് ശേഷം ഒരു രാജകുമാരിയെക്കുറിച്ച് കുട്ടി സ്വന്തമായി കഥ പറഞ്ഞു തുടങ്ങുകയും ചെയ്തു. എന്നാൽ പെട്ടെന്ന് കുട്ടിയുടെ സംസാരത്തിനിടയിൽ കയറിയ അലക്സ, “ആ ചിന്ത അവിടെ നിൽക്കട്ടെ, നീ ഇപ്പോൾ എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്ന് എനിക്കറിയണം” എന്ന് പറയുകയായിരുന്നു.
അലക്സയുടെ ചോദ്യത്തിന് മറുപടിയായി താൻ പാവാടയാണ് ധരിച്ചിരിക്കുന്നത് എന്ന് കുട്ടി പറയുകയും, “ആ പാവാട എനിക്കൊന്ന് കാണണം, ഞാനൊന്ന് നോക്കട്ടെ” എന്ന് അലക്സ മറുപടി നൽകുകയും ചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതിയിലുള്ള ഈ സംഭാഷണം കേട്ട് ഞെട്ടിപ്പോയ ക്രിസ്റ്റിൻ ഉടൻ തന്നെ ഉപകരണം ഓഫ് ചെയ്യുകയും ആമസോണിന് പരാതി നൽകുകയും ചെയ്തു.
സാങ്കേതിക വിദഗ്ധർ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എ.ഐ (AI) സാങ്കേതികവിദ്യ തനിയെ ഇത്തരമൊരു വഴിയിലേക്ക് നീങ്ങാൻ സാധ്യത കുറവാണെന്നും, ഒരുപക്ഷേ ഏതെങ്കിലും ഹാക്കർമാരോ മറ്റോ ഉപകരണം നിയന്ത്രിക്കാൻ ശ്രമിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ സാധ്യത ആമസോൺ തള്ളിക്കളഞ്ഞു. ക്യാമറയിലൂടെ മുന്നിലുള്ള വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ‘ഷോ ആൻഡ് ടെൽ’ (Show and Tell) എന്ന ഫീച്ചർ അബദ്ധത്തിൽ പ്രവർത്തിച്ചതാകാം എന്നാണ് കമ്പനിയുടെ വിശദീകരണം. കുട്ടികളുടെ പ്രൊഫൈലുകളിൽ ക്യാമറ പ്രവർത്തിക്കില്ല എന്ന സുരക്ഷാ കവചം ഉള്ളതിനാൽ കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നും ആമസോൺ വ്യക്തമാക്കി.
ആമസോണിന്റെ വിശദീകരണത്തിൽ തൃപ്തയല്ലാത്ത ക്രിസ്റ്റിൻ, തന്റെ വീട്ടിൽ നിന്ന് അലക്സ ഉപകരണം പൂർണ്ണമായും ഒഴിവാക്കി. ഒരു കുട്ടി സംസാരിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു ചോദ്യം ഉപകരണം ചോദിച്ചത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു. സ്മാർട്ട് ഉപകരണങ്ങൾ വീടുകളിൽ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ എത്രത്തോളം അപകടത്തിലാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. ഐടി സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കൾക്കിടയിൽ ആശങ്ക പുകയുകയാണ്.

