Wednesday, November 11, 2026

ഗൾഫ് മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം!! കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ ; അങ്ങേയറ്റം ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: ഗൾഫ് മേഖലയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഭാരതം . ആഗോള ഊർജ്ജ വിപണി അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ അങ്ങേയറ്റം ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ജനവാസ കേന്ദ്രങ്ങളെയും ഊർജ്ജ നിലയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് ഇന്ത്യ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ ആക്രമണങ്ങൾ ആഗോള ഊർജ്ജ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ലോകമെമ്പാടും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ പ്രതികരണം. സമുദ്ര വ്യാപാര പാതകൾക്കും ഊർജ്ജ സ്രോതസ്സുകൾക്കും നേരെയുണ്ടാകുന്ന ഭീഷണികൾ ആഗോള വിതരണ ശൃംഖലയെ താളംതെറ്റിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മുൻഗണനയുള്ള കാര്യമാണ്. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു.

Related Articles

Latest Articles