Thursday, November 12, 2026

തന്റെ വോട്ട് പോലും ഗോവയിൽ !!!നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും ചില മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു ! ദൗർഭാഗ്യകരമെന്ന് മുൻ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വ്യക്തമാക്കിയിട്ടും പാര്‍ട്ടി തനിക്ക് സീറ്റ് നിഷേധിച്ചെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുയാണെന്ന് മുൻ ഗോവ ഗവർണറും മുതിര്‍ന്ന ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയപ്പോൾ ഈ കാര്യം വ്യക്തമാക്കിയിരുന്നു. നിലവിൽ എന്റെ വോട്ട് പോലും ഗോവയിലാണ്. എന്നിട്ടും ചില മാദ്ധ്യമങ്ങളിൽ സീറ്റില്ല, സീറ്റ് നിഷേധിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത് തികച്ചും ദൗർഭാഗ്യകരവും വേദനിപ്പിക്കുന്നതുമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കും. ബിജെപിക്ക് കേരളം പാകമായിരിക്കുന്നു. ഇത്തവണ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്കും എൻഡിഎക്കും സാധിക്കും, രണ്ടു മുന്നണികളിലേയും നേതാക്കൾ സീറ്റ് കിട്ടാത്തതിനാൽ മറുകണ്ടം ചാടുകയാണ്. ഒരുപാട് കാലം പാർട്ടിയിൽ പ്രവർത്തിച്ച് ഉന്നത നേതൃനിരയിലുള്ളവർ സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്നു.

ഒരു തത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനം കെട്ടിപ്പൊക്കിയ ആളുകൾ തന്നെ സീറ്റിന് പിന്നാലെ പായുന്നു. അവസരവാദത്തിന് അവാർഡ് ലഭിക്കുന്ന തരത്തിലേക്ക് ഇരുമുന്നണികളും മാറി. അടിസ്ഥാന തത്വത്തിൽ ഉറച്ചുനിന്ന് കൊണ്ട് നയപരമായ നിലപാടുകളെടുക്കാം. എന്നാൽ തത്വശാസ്ത്രം മറന്ന് പലരും മറുകണ്ടം ചാടുന്നു. കഴിഞ്ഞ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളായി ഒരേ ആള് തന്നെ പ്രത്യക്ഷപ്പെട്ട അപൂർവമായ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. “- അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Related Articles

Latest Articles