ദില്ലി : ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതി സുരക്ഷാ ഏജൻസികൾ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഇറാനിൽ കൃത്യമായ ലൈസൻസ് ഇല്ലാതിരുന്നിട്ടും സ്റ്റാർലിങ്ക് ടെർമിനലുകൾ ആക്രമണങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു എന്ന വിവരങ്ങൾ പുറത്തുവന്നതാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളെ മാറിച്ചിന്തിപ്പിച്ചത്. വിദേശ സേവന ദാതാക്കളുടെ മേലുള്ള നിയന്ത്രണ കാര്യത്തിൽ ന്യൂഡൽഹിക്കുള്ള കടുത്ത ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സുരക്ഷാ ഏജൻസികൾ സ്റ്റാർലിങ്കിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അന്തിമ അനുമതികളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ, വിദേശ ഭരണകൂടങ്ങളിൽ നിന്ന് സമ്മർദമുണ്ടായാൽ ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പൂർണ്ണ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കമ്പനിക്ക് സാധിക്കുമോ എന്നാണ് ഉദ്യോഗസ്ഥർ പ്രധാനമായും വിലയിരുത്തുന്നത്. ഉപഗ്രഹ ആശയവിനിമയ രംഗത്ത് സുരക്ഷാ ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ ഭരണകൂടം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) സ്‌പേസ്എക്‌സ് തയ്യാറെടുക്കുന്ന നിർണായക ഘട്ടത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ഈ തിരിച്ചടി എന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ ഭാവി വരുമാന വളർച്ചയിൽ ഇന്ത്യയെപ്പോലുള്ള ഒരു വൻകിട വിപണിയിലെ തടസ്സങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഇന്ത്യയിൽ ഉപഗ്രഹ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിനുള്ള ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസ് ഏകദേശം ഒരു വർഷം മുമ്പ് തന്നെ സ്റ്റാർലിങ്ക് കരസ്ഥമാക്കിയിരുന്നു. വാണിജ്യ കരാറുകളിൽ ഏർപ്പെടുന്നതിനും പ്രാഥമിക തയ്യാറെടുപ്പുകൾ നടത്തുന്നതിനുമുള്ള അനുമതിയും കമ്പനിക്ക് നേരത്തെ ലഭിച്ചിരുന്നു.
ടെലികോം അധികാരികൾക്കും പ്രത്യേക സുരക്ഷാ അവലോകന പാനലിനും മുമ്പാകെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദീകരണങ്ങൾ സ്റ്റാർലിങ്ക് ഇതിനകം സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ പശ്ചിമേഷ്യൻ മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഡാറ്റാ സുരക്ഷയിലും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ത്യൻ അധികൃതർ കമ്പനിയിൽ നിന്ന് കൂടുതൽ വ്യക്തത തേടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആവശ്യമായ സുരക്ഷാ ക്ലിയറൻസുകൾ ലഭിക്കാത്ത പക്ഷം സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശം ഇനിയും നീളാനാണ് സാധ്യത.

