ടെല് അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല് സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു.യോഗ്യതാനിര്ണയത്തിലെ പിഴവുകാരണമാണ് വിമാനം ദുബായില്നിന്ന് ടെല് അവീവിലേക്ക് പറത്താനുള്ള അവസരം അയാള്ക്ക് ലഭിച്ചതെന്നും ഫോക്സ് ആന്ഡ് ഫ്രണ്ട്സിന് നല്കിയ പ്രത്യേക അഭിമുഖത്തില് അദ്ദേഹം പറഞ്ഞു.
‘നിങ്ങള്ക്ക് അറിയാവുന്നതുപോലെ, ക്യാപ്റ്റനെ ആക്രമിച്ച ആ അക്രമിയെ ഇപ്പോള് ചോദ്യംചെയ്യലിന് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല് നമുക്കറിയാവുന്ന കാര്യം ഇതാണ്. അദ്ദേഹം ഇസ്ലാമിക തീവ്രവാദ പ്രേരിതമായ ആശയങ്ങളാല് സ്വാധീനിക്കപ്പെട്ടിട്ടുണ്ട്’- നെതന്യാഹു പറഞ്ഞു. ഒമാനി പൈലറ്റിന്റെ വ്യക്തിഗതവിവരങ്ങള് ശേഖരിച്ചതില്നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളില് നിന്നുള്ള പൈലറ്റുമാര്, ഇസ്രയേലിലേക്ക് വിമാനങ്ങള് പറത്തുന്നത് വിലക്കുന്ന നിയമത്തില് ഒരു പഴുതുണ്ടായിരുന്നെന്നും അത് ഉപയോഗിച്ചാണ് സഹപൈലറ്റ് വിമാനം പറത്തിയതെന്നും നെതന്യാഹു കൂട്ടിച്ചേര്ത്തു.
വിമാനം വീഴ്ത്താനായിരിക്കാം ഒമാനി പൈലറ്റ് ശ്രമിച്ചതെന്നും കീഴ്പ്പെടുത്തിയതിന് പിന്നാലെ ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് അയാള് അലറിവിളിച്ചെന്നും നെതന്യാഹു പറഞ്ഞു. ഒമാനി പൈലറ്റിന് ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം കുറച്ചുദിവസങ്ങള്ക്കകം അറിയാന് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം, ഇപ്പോള് നിഗമനത്തില് എത്തിച്ചേരാന് സമയമായിട്ടില്ലെന്നും കൂട്ടിച്ചേര്ത്തു. ‘അക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള് നിഗമനങ്ങളില് എത്തിച്ചേരാന് കഴിയില്ല. ഇറാനോ മറ്റാരെങ്കിലുമോ ആയി ഒമാനി പൈലറ്റിന് ബന്ധമുണ്ടോ ഇല്ലയോ എന്ന് ഇപ്പോള് പറയാറായിട്ടില്ല. കുറച്ചുദിവസത്തിനകം അത് വ്യക്തമാകും’, – നെതന്യാഹു പറഞ്ഞു.

