യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് (എ.ഐ.സി.സി) പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പേരില്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയാലും തനിക്ക് യാതൊരു ദുഃഖവുമില്ലെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു.
കൂട്ടായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും, യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്ന് അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിമാനയാത്രയെക്കുറിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ തനിക്ക് മറുപടി പറയാന്‍ കഴിയാറില്ലെന്നും, ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ബാധ്യസ്തനാണെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
അടൂര്‍ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെ കോണ്‍ഗ്രസിനുള്ളില്‍ വി.ഡി. സതീശനെതിരെയുള്ള പടയൊരുക്കം കൂടുതല്‍ ശക്തമായിരിക്കുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കാബിനറ്റ് പദവി നല്കിയതും, സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും, ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പോലും അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ ഒത്തൊരുമിച്ച് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
മുന്നണിയുടെയും സര്‍ക്കാരിന്റെയും നയപരമായ തീരുമാനങ്ങളില്‍ കൂടിയാലോചനകള്‍ ഇല്ലാതാകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഈ സംഭവവികാസങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

