Tuesday, November 3, 2026

2021-ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസ് : നാല് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ മുഖ്യപ്രതിയെ വലയിലാക്കി സിബിഐ, കേസിൽ മുൻ തൃണമൂൽ എംഎൽഎ അടക്കം 38 പ്രതികൾ, ഉന്നത നേതാക്കളടക്കം കമ്പിയെണ്ണും

കൊൽക്കത്ത : 2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക രാഷ്ട്രീയ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ നാല് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. ഗോപാൽ ദാസ് എന്ന വിശാൽ പോളിനെയാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ രബീന്ദ്രനഗറിൽ നിന്നുള്ള രഹസ്യ കേന്ദ്രത്തിൽ നിന്ന് സിബിഐ സംഘം സാഹസികമായി പിടികൂടിയത്. കേസിൽ പ്രതിയായതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് അന്വേഷണ ഏജൻസി 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2021 മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ കൊൽക്കത്തയിലെ നാർക്കൽദംഗ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ശീതളതല ലൈനിൽ വെച്ച് ബിജെപി പ്രവർത്തകനായ അവിജിത് സർക്കാർ ക്രൂരമായി കൊല്ലപ്പെട്ട കേസിലാണ് ഈ നിർണ്ണായക അറസ്റ്റ്. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പാനന്തര അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2021 ഓഗസ്റ്റ് 25-നാണ് കേസ് സിബിഐ ഏറ്റെടുത്തത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും അന്നത്തെ എംഎൽഎയുമായിരുന്ന പരേഷ് പാൽ, മുൻ തൃണമൂൽ കൗൺസിലർമാരായ സ്വപൻ സമദ്ദാർ, പാപ്പിയ ഘോഷ് എന്നിവരുൾപ്പെടെ 38 ആളുകൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ദീർഘകാലമായി അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞിരുന്ന പ്രതിയെ അത്യാധുനിക സാങ്കേതികവിദ്യയുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിബിഐ സംഘം വലയിലാക്കിയത്. പിടികൂടിയതിന് ശേഷം കൊൽക്കത്തയിലെ റൗസ് അവന്യൂ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, മുഖ്യപ്രതികളിലൊരാളായ ഗോപാൽ ദാസിന്റെ അറസ്റ്റ് അവിജിത് സർക്കാറിന്റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകളും ഗൂഢാലോചനകളും കൂടുതൽ തെളിവുകളോടെ കോടതിയിൽ തെളിയിക്കാൻ സിബിഐക്ക് കരുത്തേകും..

Related Articles

Latest Articles