ഇന്ത്യന് സിനിമയുടെ അഭിമാനമായി മാറിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തില് പുറത്തിറങ്ങിയ സിനിമയ്ക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില് നിന്നായി മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്കില് മാത്രം അറിയപ്പെട്ട പ്രഭാസ് എന്ന താരത്തെ സൂപ്പര് താരമാക്കി ഉയര്ത്തിയതും ബാഹുബലിയായിരുന്നു.
ആദ്യ ഭാഗത്തിന്റെ വമ്പന് വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നത്. ബാഹുബലി 2ഉം ബോക്സോഫീസില് നിന്നും വലിയ വിജയം നേടിയിരുന്നു. തെലുങ്കിലെന്നെ പോലെ മലയാളത്തിലും വിജയം നേടിയിരുന്നു സിനിമ. ബാഹുബലി 2 പുറത്തിറങ്ങി മൂന്ന് വര്ഷം ആവുകയാണ്.
2017 എപ്രില് 28നായിരുന്നു ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ബാഹുബലി കണ്ക്ലൂഷനാണ് ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില് റെക്കോര്ഡിട്ടത്. വലിയ ഹൈപ്പോടെ തന്നെയാണ് രണ്ടാം ഭാഗവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രഭാസിനൊപ്പം അനുഷ്ക ഷെട്ടി, റാണ ദഗുബതി, സത്യരാജ്, രമ്യാ കൃഷ്ണന്, തമന്ന തുടങ്ങിയവരും ചിത്രത്തില് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തെലുങ്ക് പതിപ്പിനൊപ്പം തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു.

