Tuesday, October 6, 2026

പേരും മുഖവുമില്ലാത്ത രാഷ്ട്രസേവകർക്ക് ആദരം; ചരിത്രത്തിലാദ്യമായി ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാർക്ക് വിശിഷ്ടസേവാ മെഡൽ നൽകി ഭാരത സർക്കാർ

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ചരിത്രത്തിലാദ്യമായി ഇന്റലിജൻസ് ഓഫീസർമാർക്ക് വിശിഷ്ടസേവനത്തിനുള്ള മെഡൽ നൽകി ആദരിച്ച് രാഷ്ട്രം. ഭാരതത്തിന്റെ പ്രഥമ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ 34 ഉദ്യോഗസ്ഥന്മാർക്കാണ് പ്രത്യേക കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അവാർഡുകൾ നൽകിയത്. ഇതിൽ 3 ഐപിഎസ് ഉദ്യോഗസ്ഥർമാരും ഉൾപ്പെടുന്നു. എന്നാൽ സുരക്ഷാ കാരണത്താൽ ഈ ഉദ്യോഗസ്ഥന്മാരുടെ പേരുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികളുടെ ദീർഘകാലത്തെ ആവശ്യവും ആഗ്രഹവുമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്. ഭാരതത്തിന്റെ അതിർത്തികളിലും പ്രശ്നബാധിത പ്രദേശങ്ങളിലും മറ്റ് സുരക്ഷാ ഏജൻസികളോടൊപ്പം പ്രവർത്തിക്കുന്നവരാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും. എന്നാൽ യൂണിഫോമോ മറ്റ് തിരിച്ചറിയൽ അടയാളങ്ങളോ ഇല്ലാതെ ജോലി ചെയ്യുന്ന ഇവർക്ക് ഒരിക്കലും അംഗീകാരം ലഭിച്ചിരുന്നില്ല. ഈ സ്ഥിതിയാണ് ഇപ്പോൾ മാറുന്നത്.

2016 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട പ്രത്യേക സമിതിയാണ് ധീരതാ അവാർഡുകൾക്ക് അർഹരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും പ്രത്യേക താത്പര്യമെടുത്താണ് സമിതിയ്ക്ക് രൂപം നൽകിയത്. ജമ്മു കശ്മീരിലും മാവോയിസ്റ്റ് മേഖലകളിലും പ്രവർത്തിച്ച ഉദ്യോഗസ്ഥർമാർക്കാണ് മെഡലുകൾ ലഭിച്ചതെന്നാണ് വിവരം.

Related Articles

Latest Articles