തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. 16 അംഗ സംഘം കേസന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന് കാണിക്കാണ് അന്വേഷണച്ചുമതല.
ചില സംശയങ്ങളുടെ പശ്ചാത്തലത്തിലാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാര്‍ശ പ്രകാരമാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി നിര്‍ദ്ദേശം നല്കി.
ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
2017 മെയ് 19 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്കി. പിന്നീട് പെണ്‍കുട്ടി ആദ്യമൊഴി തിരുത്തി പരാതി പിന്‍വലിച്ചിരുന്നു.

