Tuesday, November 17, 2026

പിണറായിയുടെ കൺസൾട്ടൻസി കള്ളക്കളി പൊളിച്ചടുക്കാൻ അമിത് ഷാ; കൺസൾട്ടൻസികളെ നിരീക്ഷിക്കും; എല്ലാ കരാറും പരിശോധിക്കും

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനു പിന്നിൽ സർക്കാരുമായി അടുപ്പമുള്ള സ്വകാര്യ കൺസൾട്ടൻസികള്‍ക്കും പങ്കുണ്ടെന്ന കണ്ടെത്തലിനു പിന്നാലെ, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൺസൾട്ടൻസികളെ നിരീക്ഷിക്കാനും അന്വേഷണം നടത്താനും ഉത്തരവുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ഐഎ അടക്കമുള്ള ഏജന്‍സികളുടെ യോഗം കഴിഞ്ഞ ദിവസം അമിത് ഷാ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൺസൾട്ടൻസികളെ നിരീക്ഷിക്കണമെന്നും അന്വേഷണം നടത്തണമെന്നും അമിത് ഷാ ഉത്തരവ് നല്‍കിയത്.

സംസ്ഥാന സര്‍ക്കാരുകള്‍ വിദേശ കൺസൾട്ടൻസി സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന കരാറുകളും, ഇവര്‍ ഇടനിലക്കാരാകുന്ന പദ്ധികളും , അവയുടെ ഫയലുകളും, കരാര്‍ തുകകളും വിശദമായി അന്വേഷിക്കും. ഇവര്‍ നല്‍കുന്ന സബ്‌കോണ്‍ട്രാക്റ്റുകള്‍ക്ക് ഉള്‍പ്പെടെ ദേശവിരുദ്ധമായ ഇടപാടുകള്‍ സാധ്യമാണോ എന്നും അന്വേഷിക്കും. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എന്‍ഐഎയുടെ അന്വേഷണ രീതികള്‍ യോഗം വിലയിരുത്തി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് സൂചന.

നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമനും വി. മുരളീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗം നടന്നത്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. ഹൈദരാബാദിലെ എന്‍ഐഎയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിന് കീഴിലാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ അന്വേഷണം നടക്കുന്നത്.

Related Articles

Latest Articles