Wednesday, November 18, 2026

‘പാർട്ടിയിൽ പിണറായിസം മാത്രം’: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു. പാർട്ടിയിൽ പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും നേതാക്കൾ പറയുന്ന കാര്യങ്ങളെല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കേണ്ട സാഹചര്യമാണെന്നും ആരോപിച്ചാണ് വിനയകുമാർ സിപിഎം ബന്ധം ഉപേക്ഷിക്കുന്നത്. 2009 മുതൽ പാർട്ടിയിൽ പ്രവർത്തിക്കുന്ന താൻ പട്ടം ബ്രാഞ്ച് അംഗമായിരുന്നുവെന്നും നിലവിൽ അംഗത്വം പുതുക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിമയായി പാർട്ടിയിൽ മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്നും വിനയകുമാർ പ്രതികരിച്ചു.

പാർട്ടിയിൽ ഇപ്പോൾ വിമർശനങ്ങൾക്ക് ഇടമില്ലെന്നും നേതാക്കളെ ചോദ്യം ചെയ്യുന്നവർ വർഗവഞ്ചകരായി മുദ്രകുത്തപ്പെടുകയാണെന്നും വിനയകുമാർ ആരോപിച്ചു. പത്തുവർഷത്തെ ഭരണത്തിനുശേഷം പാർട്ടി ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിട്ടിട്ടും നേതൃത്വം തിരുത്തലുകൾക്ക് തയ്യാറാകുന്നില്ലെന്നും വിമർശിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മാറാതെ പാർട്ടിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുഭരണകാലത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്നു വിനയകുമാർ. ട്രിവാൻഡ്രം ക്ലബിൽ പണംവെച്ച് ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒൻപത് പേർക്കൊപ്പം അറസ്റ്റിലായതിനെത്തുടർന്ന് എംഡി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Related Articles

Latest Articles