ദില്ലി : ഇന്ന് രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍. രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കോവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത് . സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിലുള്ളത് .
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. നൂറിൽ താഴെ പേർക്കുള്ള കസേരയേ പ്രധാന വേദിയിലുള്ളു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഉണ്ടാവും. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ദില്ലിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികൾ നടക്കും.

