കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്. എ.പി. അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്. എന്നാൽ ഇത് കേവലം ഒരു സംഘടനാ പദവിയിലേക്കുള്ള മത്സരം മാത്രമാണോ? അതോ സംസ്ഥാന കോൺഗ്രസിലെ അധികാര സമവാക്യങ്ങൾ നിർണയിക്കുന്ന പോരാട്ടമോ? എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണ അനിൽകുമാറിനാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ജോസഫ് വാഴയ്ക്കന് വേണ്ടി രമേശ് ചെന്നിത്തല നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
മറുവശത്ത് കൊടിക്കുന്നിൽ സുരേഷിന്റെ സാധ്യതകളും സജീവമാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും കൊടിക്കുന്നിലിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. എട്ടുതവണ ലോക്സഭയിലെത്തിയ നേതാവിന് കെ.പി.സി.സി അധ്യക്ഷ പദവി ഇനിയും ലഭിക്കാത്തതും അദ്ദേഹത്തിന്റെ അനുകൂലികൾ ഉയർത്തുന്ന വാദമാണ്. നേരത്തെ പല ഘട്ടങ്ങളിലും പരിഗണനയിലുണ്ടായിരുന്നിട്ടും അവസാന നിമിഷം പദവി നഷ്ടപ്പെട്ട ചരിത്രവും കൊടിക്കുന്നിലിന്റെ അവകാശവാദത്തിന് പിന്നിലുണ്ട്. എന്നാൽ കെ.സി. വേണുഗോപാലും വി.ഡി. സതീശനും വ്യത്യസ്ത പേരുകളെ പിന്തുണയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ കോൺഗ്രസിലെ ആഭ്യന്തര സമവാക്യങ്ങളിലേക്കും വിരൽചൂണ്ടുന്നു.
നിയമസഭയിലേക്ക് മത്സരിക്കുന്നവർക്ക് സംഘടനാ പദവികൾ നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടും അന്തിമ തീരുമാനത്തിൽ നിർണായകമായേക്കാം. അതിനൊപ്പം ജാതി, സമുദായ പ്രാതിനിധ്യം, പ്രദേശിക സമവാക്യങ്ങൾ, സംസ്ഥാന സർക്കാരുമായുള്ള സംഘടനാ നേതൃത്വത്തിന്റെ ഏകോപനം എന്നിവയും പരിഗണിക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനും മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾക്കും എത്രത്തോളം പ്രാധാന്യം ലഭിക്കും? ഹൈക്കമാൻഡ് ആരുടെ പേരിന് പച്ചക്കൊടി കാട്ടും? കേരളത്തിലെ കോൺഗ്രസിന്റെ പുതിയ സംഘടനാ നേതൃത്വം ആരുടെ കൈകളിലെത്തുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

