ദില്ലി: ഹത്രാസില്‍ കലാപത്തിന് പോകുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം അറസ്റ്റിലായ അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന പത്രപ്രവര്‍ത്തക യൂണിയന്‍റെ ആവശ്യം കോടതി തള്ളി. മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ജു രജ്പുത്താണ് സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന കെയുഡബ്ല്യുജെയുടെ അപേക്ഷ നിരാകരിച്ചത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഭേദഗതി വരുത്തുന്നതിന് സിദ്ദിഖിനെ കാണാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.
അതേസമയം സിദ്ദിഖിനെ കാണുന്നതിന് നേരത്തെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മഥുര ജയിലില്‍ പോയെങ്കിലും അദ്ദേഹത്തിനും അനുമതി ലഭിച്ചിരുന്നില്ല. സിദ്ദിഖിന്റെ അമ്മയും ഭാര്യയും അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് അജ്ഞരാണെന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കെയുഡബ്ല്യുജെ മുന്‍ ഭാരവാഹികളായ പികെ മണികണ്ഠന്‍, പ്രശാന്ത് എം നായര്‍, ഇപ്പോഴത്തെ ഭാരവാഹി അനില്‍ വി ആനന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. 30 മിനിറ്റ് കാണാനാണ് അനുമതി തേടിയത്. ഉമ്മയേയും ഭാര്യയേയും വാട്‌സ്ആപ്പ് വീഡിയോ കാള്‍ വഴി കാണാനുള്ള അനുമതിയും സിജെഎം നിരസിച്ചു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തിനിടെ അറസ്റ്റിലായ സിദ്ദിഖിനെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറ നല്‍കി രക്ഷിക്കാന്‍ കെയുഡബ്ല്യുജെ നടത്തുന്ന നീക്കം വിവാദമായിരുന്നു. ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

