Wednesday, December 31, 2025

ശാസ്‌ത്രലോകത്തു സജീവ ചർച്ച; ബഹിരാകാശത്തു നിന്ന് നിഗൂഢ സിഗ്നലുകൾ, പിന്നിൽ അന്യഗ്രഹജീവികൾ?

ലോസ്ആഞ്ചലസ്: ബഹിരാകാശത്തു നിന്നുള്ള നിഗൂഢ റേഡിയോ സിഗ്നലുകൾ ഭൂമിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. ഭൂമിയിൽ നിന്ന് 50 കോടി പ്രകാശവർഷം അകലെ ഒരൊറ്റ സ്രോതസ്സിൽ നിന്നാണ് പതിവായി ഈ സിഗ്നലുകൾ വരുന്നതെന്നും ഗവേഷകർ നിരീക്ഷിച്ചു. ഭൂമിയ്ക്ക് പുറത്ത് ഇതുവരെ ഏകദേശം 4,500 ലധികം എക്സോ പ്ലാനറ്റുകളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയ്ക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണമാണ് ഓരോ എക്സോ പ്ലാനറ്റുകളുടെയും കണ്ടെത്തലിലേക്ക് വഴിതെളിക്കുന്നത്.നമ്മുടെ സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ‘ എക്സോ പ്ലാനറ്റ് ‘ എന്ന് പറയുന്നത്. ഇത്തരം എക്സോ പ്ലാനറ്റുകളിൽ ജീവന്റെ സാന്നിദ്ധ്യം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ പുതിയ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്.വിദൂരതയിലുള്ള ബോഓട്ടിസ് നക്ഷത്ര സമൂഹത്തിലെ ‘ ടോ ബോഓട്ടിസ് ‘ സിസ്റ്റം എന്ന ഭാഗത്തെ ഒരു എക്സോ പ്ലാനറ്റിൽ നിന്നെന്ന് കരുതുന്ന റേഡിയോ സിഗ്നൽ തങ്ങൾ കണ്ടെത്തിയെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്. ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് സയന്റിഫിക് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഗവേഷകരുടെ വെളിപ്പെടുത്തൽ. റേഡിയോ സിഗ്നലുകളുടെ ധ്രുവീകരണവും എക്സോ പ്ലാനറ്റിന്റെ കാന്തികക്ഷേത്രവും തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ എക്സോപ്ലാനറ്റിൽ നിന്നാണ് റേഡിയോ സിഗ്നലുകൾ ഉണ്ടാകുന്നതെന്ന് കരുതുന്നതായി ഗവേഷക സംഘത്തെ നയിച്ച കോർനെൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ജേക്ക് ടർണർ പറയുന്നു. ഭൂമിയിൽ നിന്നും 51 പ്രകാശവർഷം അകലെയാണ് ബോഓട്ടിസ് നക്ഷത്ര സമൂഹം സ്ഥിതി ചെയ്യുന്നത്.

കനേഡിയൻ ഹൈഡ്രജൻ ഇന്റൻസിറ്റി മാപ്പിംഗ് എക്സ്പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബർസ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്നലുകൾ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളിൽ സിഗ്നൽ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിർണ്ണയിക്കാൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. ബഹിരാകാശത്തെ ആഴങ്ങളിൽ, പേരറിയാത്ത ഏതോ സ്രോതസ്സിൽ നിന്ന് ഇടയ്ക്കിടെ ഇത്തരത്തിൽ റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുകയാണ്. ഗവേഷകർ അതിനൊരു പേരും നൽകിയിട്ടുണ്ട്–ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്സ് അഥവാ എഫ്ആർബി. 2007നു ശേഷവും പല തവണ എഫ്ആർബിയുടെ ഭൂമിയിലേക്കുള്ള വരവ് രേഖപ്പെടുത്തി. അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പുകളാണ് ഇക്കാര്യത്തിൽ സഹായിക്കാനുള്ളത്. ചില എഫ്ആർബികൾക്ക് മൈക്രോ മില്ലിസെക്കൻഡിനും താഴെ മാത്രമേ ദൈർഘ്യം കാണൂ. ചിലതു തുടർച്ചയായി വന്നുകൊണ്ടേയിരിക്കും. കോടിക്കണക്കിനു പ്രകാശവർഷം സഞ്ചരിച്ചെത്തുന്നതിനാൽ മിക്ക തരംഗങ്ങൾക്കും തീവ്രത കുറവായിരിക്കും. പക്ഷേ ഇത്രയേറെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള റേഡിയോ തരംഗത്തെ പുറപ്പെടുവിക്കണമെങ്കിൽ അതിന്റെ സ്രോതസ്സ് ചില്ലറക്കാരനൊന്നുമായിരിക്കില്ലെന്ന് ഗവേഷകർക്ക് ഉറപ്പാണ്. ഒന്നുകിൽ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവിൽ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അന്യഗ്രഹജീവികൾ അയയ്ക്കുന്നത്– ഈ രണ്ടു നിഗമനങ്ങളാണ് ഇപ്പോൾ ഗവേഷകരുടെ മുന്നിലുള്ളത്. പ്രപഞ്ചത്തിലെ മറ്റു ഗാലക്സികളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ പ്രത്യേകതകളൊന്നുമില്ലാത്തതാണ് നമ്മുടെ ക്ഷീരപഥം. അതിനു പോലും എഫ്ആർബി പുറപ്പെടുവിക്കാൻ ശേഷിയുണ്ടെന്നാണ് പുതിയ റേഡിയോ സിഗ്നലിന്റെ വരവ് സൂചിപ്പിക്കുന്നത്.

Related Articles

Latest Articles