Sunday, October 4, 2026

യുവിയുടെ ‘ആറാട്ടിന്’ ഇന്ന് 14 വയസ്; ലോകത്തെ ഞെട്ടിച്ച ആ ആറ് സിക്സറുകൾ; വിഡിയോ കാണാം

മുംബൈ: ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് സിക്‌സര്‍ മഴയില്‍ ആറാടിച്ചിട്ട് ഇന്നേക്കു 14 വര്‍ഷം.2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇതേ ദിവസമായിരുന്നു യുവി ഒരോവറിലെ ആറു പന്തുകളിലും സിക്‌സര്‍ പായിച്ച് ലോകത്തെ ഞെട്ടിച്ചത്. ബ്രോഡിനെതിരെ നടത്തിയ കടന്നാക്രമണത്തിലൂടെ യുവി അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഒരോവറിലെ ആറ് പന്തും സിക്സ് പറത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ട്വിറ്ററില്‍ യുവരാജിന്റെ റെക്കോര്‍ഡ് നേട്ടത്തിന്റെ ഓര്‍മ പുതുക്കിക്കൊണ്ട് ബിസിസിഐയും ഐസിസിയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ മത്സരത്തിൽ ആറ് സിക്സർ അടക്കം 12 പന്തിൽ 50 കടന്ന യുവരാജ് 16 പന്തിൽ 58 റൺസാണ് അടിച്ച് കൂടിയത്. .

18-ാം ഓവറിന്റെ അവസാനത്തില്‍ 171/3 എന്ന നിലയിലായിരുന്നു ഇന്ത്യ. യുവരാജിനൊപ്പം നായകന്‍ എം.എസ്.ധോണിയായിരുന്ന മറുഭാഗത്തുണ്ടായിരുന്നത്. ഈ ഓവറില്‍ യുവി ഫ്ളിന്റോഫിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടിയിരുന്നു. ഇതോടെ ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുക എന്ന തന്ത്രം ഫ്ളിന്റോഫും സ്വീകരിച്ചു. എന്നാല്‍ ഇതിന് ഇരയാകേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു എന്നു മാത്രം. യുവിയുടെ പ്രകടനത്തിന്റെ ബലത്തില്‍ 218 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യ മത്സരം 18 റണ്‍സിന് വിജയിക്കുകയും പിന്നീട് ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച്‌ കിരീടം ചൂടുകയും ചെയ്തു. അന്താരാഷ്ട്ര ടി20യില്‍ ഒരോവറിലെ ആറു പന്തുകളിലും സിക്‌സറുകള്‍ പായിച്ച യുവിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 12 വര്‍ഷങ്ങള്‍ പിന്നിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.

Related Articles

Latest Articles