Thursday, January 8, 2026

പത്തനംതിട്ടയിൽ സിപിഎമ്മിന്റെ അതിക്രമം; കോടതി‌യേയും വെല്ലുവിളിച്ച് സിപിഐഎം നേതാവ് വഴിവെട്ടി, ചോദ്യം ചെയ്ത സ്ത്രീയെ മർദിച്ചെന്ന് പരാതി

മല്ലപ്പള്ളി: പത്തനംതിട്ടയിൽ സ്വകാര്യഭൂമിയിൽ അതിക്രമിച്ചു കയറി സിപിഐഎം വഴിവെട്ടിയെന്ന് പരാതി . പത്തനംതിട്ട മല്ലപ്പള്ളി മൂക്കൂരില്‍ ആണ് സംഭവം. ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ച് വഴി വെട്ടിയത്. പൊട്ടൻമലയ്ക്കൽ സോപാനത്തിൽ മോഹനൻ്റെ വസ്തുവിലാണ് വഴിവെട്ട്. ഇത് തടയാൻ ശ്രമിച്ച മോഹനൻ്റെ ഭാര്യ ശാന്തകുമാരിയെ മാർദിച്ചെന്നും പരാതിയിൽ പറയുന്നു.

അര്‍ധരാത്രി റബര്‍ മരങ്ങള്‍ വെട്ടിമാറ്റി മതില്‍തകര്‍ത്ത് വഴിവെട്ടിയെന്നാണ് ആരോപണം. കോടതി തടഞ്ഞാലും വഴിവെട്ടുമെന്ന് സിപിഎം നേതാവ് വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമങ്ങളുൾപ്പെടെ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

മല്ലപ്പള്ളി കൊട്ടമലയ്ക്കല്‍ മോഹനന്‍ 20 വര്‍ഷം മുന്‍പ് വാങ്ങിയ വസ്തുവിലൂടെ സമീപത്തെ രണ്ട് വസ്തുവിലേക്ക് വഴി വെട്ടാനായിരുന്നു നീക്കം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് വഴിവെട്ടെന്നും സിപിഎം നേതാക്കള്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തി എന്നുമാണ് വീട്ടുകാരുടെ പരാതി. ലോക്കല്‍ കമ്മിറ്റി അംഗവും, മുന്‍ കുന്നന്താനം പഞ്ചായത്തു പ്രസിഡന്‍റുമായ സുബിന്‍ കുന്നന്താനം കോടതി തടഞ്ഞാലും വഴിവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു. എന്നാൽ സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം നേതാവ് സുബിന്‍ പറയുന്നത്. സമീപത്തെ പട്ടികജാതി കുടുംബത്തിന് വഴിനല്‍കാന്‍ ആദ്യഘട്ടത്തില്‍ ഇടപെട്ടിരുന്നു. ഭീഷണി ഉണ്ടായിട്ടില്ലെന്നും രാത്രിയിലെ വഴിവെട്ടില്‍ പങ്കില്ലെന്നുമാണ് നേതാവിന്റെ വിശദീകരണം.

അതേസമയം കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി ഒരു സംഘം മതില്‍ പൊളിച്ച് റബര്‍മരങ്ങളും വെട്ടി വഴിയൊരുക്കാന്‍ ശ്രമിച്ചു. തുടർന്ന് വീട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിളിച്ചതോടെ സംഘം രക്ഷപെട്ടു. സംഭവത്തിൽ ഏഴുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.‌ എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ട്. തിരുവല്ലയിലും പരിസരപ്രദേശത്തും ഒട്ടേറെ സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Related Articles

Latest Articles