Sunday, May 19, 2024
spot_img

1900 അടി ഉയരത്തിൽ പറക്കുന്നതിനിടെ പക്ഷിയെ ഇടിച്ചു;വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെന്ന് അധികൃതർ

ന്യൂഡൽഹി : പറക്കുന്നതിനിടെ പക്ഷിയെ ഇടിച്ച ആകാശ എയർ വിമാനം തിരിച്ചിറക്കി. 1900 അടി ഉയരത്തിൽ വച്ചാണ് വിമാനം പക്ഷിയെ ഇടിച്ചത്. ഡൽഹിയിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിനാണ് പക്ഷിയെ ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചത്.ഡിജിസിഎയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ഇതിന് സമാനമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈയിൽ നിന്നും ബംഗളുരുവിലേക്ക് പുറപ്പെട്ട ആകാശ എയറിന്റെ എ.കെ.ജെ 1103 വിമാനവും തിരിച്ചിറക്കിയിരുന്നു. യാത്രക്കിടെ ക്യാബിനിൽ കരിഞ്ഞ മണം പടർന്നതോടെ അടിയന്തിരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. പരിശോധനയിൽ ഒന്നാമത്തെ എൻഞ്ചിനിൽ പക്ഷിയുടെ അവശിഷ്ടം കണ്ടെത്തിയതായി ഡി.ജി.സി.എ ഉദ്യോഗസ്ഥർ പറഞ്ഞു. എൻഞ്ചിനിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് കരിഞ്ഞ മണം പടർന്നതെന്ന് അവർ കൂട്ടിച്ചേർത്തിരുന്നു.

ഈ വർഷം ഓഗസ്റ്റ് ഏഴ് മുതലാണ് ആകാശ എയർ സർവീസ് ആരംഭിച്ചത്. മുംബൈ- അഹമ്മദാബാദ് റൂട്ടിലായിരുന്നു ആദ്യ സർവീസ്. ഇന്ത്യയിലെ എട്ടാമത്തെ ഡൊമസ്റ്റിക് വിമാന സർവീസാണ് ആകാശ എയർ. 737 മാക്‌സ് വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. ഒരു വിമാനം ബോയിംഗ് കമ്പനിയിൽ നിന്നും ആകാശ എയർ വാങ്ങിയിരുന്നു.രാകേഷ് ജുൻജുൻവാലയുടെ മേൽനോട്ടത്തിലുള്ള കമ്പനിയാണ് ആകാശ എയർ.

ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാർദ്ദപരവും ഏത് സമയത്തും ആശ്രയിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ സർവീസ് ആയിരിക്കും തങ്ങളുടേത് എന്നതാണ് കമ്പനിയുടെ അവകാശവാദം.ഫ്‌ളെെറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതി കഴിഞ്ഞ ഓഗസ്റ്റിൽ കമ്പനിക്ക് ലഭ്യമായിരുന്നു. ഓരോ മാസവും വിമാനങ്ങളുടെ എണ്ണം കൂടും. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 18 വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. തുടർന്ന്, ഓരോ വർഷവും 12 മുതൽ 14 വരെ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ സർവീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Related Articles

Latest Articles