Monday, January 12, 2026

തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശ്ശൂര്‍:തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കുട്ടികൾ ഉൾപ്പെടുന്ന കുടുംബമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.തൃപ്രയാർ പാലത്തിന്റെ പടിഞ്ഞാറെ അരികിൽ ഇന്നുച്ചക്ക് രണ്ടേകാലോടെയായിരുന്നു സംഭവം.കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.

കൂനംമൂച്ചിയിൽ നിന്ന് പഴുവിൽ ഉള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉൾപ്പെടെയുള്ള നാലംഗ കുടുംബം.പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി കാറിന്റെ ബോണറ്റിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും വന്നു. ഇതോടെ എന്താണ് പ്രശ്നമെന്നറിയാൻ ജോഫി വണ്ടി നിര്‍ത്തി പുറത്തേക്കിറങ്ങി. ഇതേ സമയം ശക്തമായ പുക തീയായി മാറി. കാര്‍ മൊത്തം കത്തിയമരുകയായിരുന്നു. ഇതിനോടകം ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറിൽ നിന്ന് ഉടൻതന്നെ പുറത്തിറങ്ങിയിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.വിവരമറിഞ്ഞെത്തിയ നാട്ടിക ഫയർഫോഴ്‌സും, വലപ്പാട് പൊലീസും ചേർന്ന് തീയണക്കുകയായിരുന്നു. കാർ ഭാഗികമായി കത്തിനശിച്ചു.

Related Articles

Latest Articles