സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ. സ്ത്രീയെയും കുട്ടിയെയും മർദ്ദിച്ച കേസിലാണ് ആര്യനാട് പോലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് കഴിഞ്ഞ ദിവസം പരാതിക്കും അറസ്റ്റിനും ഇടയാക്കിയ സംഭവം നടന്നത്. കടയുടെ ബോര്‍ഡ് റോഡിൽ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്.
ബോര്‍ഡ് മാറ്റാൻ വെള്ളനാട് ശശി ആവശ്യപ്പെട്ടതും കടയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി. മൊബൈലിൽ ദൃശ്യം പകര്‍ത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോൺ തട്ടിത്തെറിപ്പിച്ചതോടെ തര്‍ക്കം കയ്യാങ്കളിയായി. കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടി. ആരേയും അതിക്രമിച്ചിട്ടില്ലെന്നും സ്കൂട്ടറിന്‍റെ താക്കോൽ കടയുടമയും സംഘവും കൈക്കലാക്കിയതാണ് ചോദ്യം ചെയ്തതെന്നുമാണ് വെള്ളനാട് ശശി പറയുന്നത്.
വാക്കുതര്‍ക്കം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കുട്ടിയെ ശശി അടിക്കുന്നതും മൊബൈല്‍ തെറിച്ചുപോകുന്നതുമായ ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പ്രചരിച്ചിരുന്നു. കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത സ്ത്രീകള്‍ക്ക് നേരെയും ഇയാള്‍ കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന വെളളനാട് ശശി അടുത്തിടെയാണ് സിപിഎമ്മിലേയ്ക്ക് വന്നത്. മുമ്പ് പലതവണ വെളളനാട് ശശിക്കെതിരെ അതിരുവിട്ട പെരുമാറ്റത്തിനും ഗുണ്ടായിസത്തിനും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

