മലപ്പുറത്ത് ഫുട്ബോൾ കളിക്കിടെ കിണറ്റിൽ വീണ പതിനാലുകാരനെയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ പ്രദേശവാസിയെയും അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാനാണ് അപകടത്തിൽപ്പെട്ടത്. ഗ്രൗണ്ടിന് പുറത്തേക്ക് പോയ പന്ത് എടുക്കാനായി ഓടുന്നതിനിടെ നിർമ്മാണത്തിലിരിക്കുന്ന 40 അടിയിലധികം ആഴമുള്ള കിണറ്റിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസി കിണറ്റിലിറങ്ങിയെങ്കിലും ഇരുവരും അവിടെ കുടുങ്ങിപ്പോയി. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആഴം കൂടുതലായതിനാൽ ഫലമുണ്ടായില്ല. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷാപ്രവർത്തനം ഏറ്റെടുത്തത്.
വല ഉപയോഗിച്ച് നടത്തിയ നീക്കത്തിലൂടെ ആദ്യം കുട്ടിയെയും പിന്നീട് രക്ഷിക്കാനിറങ്ങിയ ആളെയും സേന പുറത്തെത്തിച്ചു. വീഴ്ചയിൽ കാലിന് സാരമായി പരിക്കേറ്റ അദിനാനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

