തിരുവനന്തപുരം: യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്‌തെന്ന പരാതിയിൽ സഹപാഠികളായ പെൺകുട്ടികളടക്കം എട്ട് പേർക്കെതിരെ കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് സഹപാഠികളുടെമേൽ കാട്ടാകട പോലീസ് കേസ് എടുത്തത്. 207 അംഗങ്ങളാണ് സ്കൂൾ ഗ്രൂപ്പിൽ ഉള്ളത്. ഇതിൽ നിന്നുമാണ് യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തെന്നാണ് പരാതി. സുഹൃത്തുക്കൾ ഒരുമിച്ചെടുത്ത ഫോട്ടോ, അകന്നതിനെ തുടർന്ന് വൈരാഗ്യം തീർക്കാൻ ഉപയോഗിച്ചെന്നാണ് ആരോപണം.
ഈ ചിത്രങ്ങളും അശ്ലീല പദപ്രയോഗങ്ങളുമായി പരാതിക്കാരിയുടെ ഫോണിലേക്ക് വിദേശത്തു നിന്ന് നിരന്തരമായി സന്ദേശങ്ങൾ വന്നുതുടങ്ങി. അതോടെയാണ് സഹപാഠികളാണ് ഇതിനു പിന്നിലെന്ന് മനസിലാക്കിയതെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് സൈബർ പോലീസിലും
കാട്ടാക്കട പോലീസിലും യുവതി പരാതി നൽകി. സംശയമുള്ള ആളുകളുടെ പേരും നമ്പർ സഹിതം വച്ചാണ് പരാതി നൽകിയത്. കാട്ടാക്കട പോലീസ് കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു . അതിനുശേഷമാണ് പോലീസ് പരാതിയിൽ കേസ് എടുത്തത്.

