Thursday, May 16, 2024
spot_img

കോഴിക്കോട് സ്വകാര്യ ബസ്സുകൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കു ദാരുണാന്ത്യം! ജില്ലയിൽ നാളെ മുതൽ ഒരാഴ്ച മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധന

കോഴിക്കോട് : വേങ്ങേരി ബൈപാസ് ജങ്‌ഷന് സമീപം സ്കൂട്ടറിന് പിന്നിൽ വന്ന സ്വകാര്യ ബസിടിച്ചു സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കു ദാരുണാന്ത്യം. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനു (36) ഗുരുതരമായ പരുക്കുകളോടെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറകിൽ നിന്ന് വന്ന ബസ് ഡ്രൈവറുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുന്നിലും പിന്നിലുമായി രണ്ടു സ്വകാര്യ ബസ്സുകൾക്കിടയിലൂടെയാണ് സ്കൂട്ടർ സഞ്ചരിച്ചത്. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും തൽക്ഷണം മരിച്ചു. രണ്ടു ബസുകളിലുമായി യാത്ര ചെയ്ത അഞ്ചു പേർക്കും പരിക്കുണ്ട്.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. വേങ്ങേരി ബൈപാസ് ജങ്‌ഷൻ കഴിഞ്ഞു മലാപ്പറമ്പു ഭാഗത്തേയ്ക്കു തിരിഞ്ഞു ബൈപാസ് വഴി പോകുന്നതിനിടയിൽ മുന്നിൽ സഞ്ചരിച്ച ‘സോപാനം’ ബസ് ബൈപാസ് ഡിവൈഡറിനു സമീപം വേഗം കുറച്ചു. ഇതേസമയം പിന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരും ബൈക്കും വേഗം കുറച്ചെങ്കിലും അമിത വേഗത്തിൽ ഇവർക്കും പിന്നാലെ വന്ന ‘തിരവോണം’ ബസ് സ്കൂട്ടറും ബൈക്കും ചേർത്ത് ‘സോപാനം’ ബസ്സിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ബസ് പത്തടി മുന്നോട്ടു നീങ്ങി. അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നാളെ മുതൽ ഒരാഴ്ച മോട്ടോർ വാഹനവകുപ്പ് പ്രത്യേക പരിശോധന നടത്തും . മുഴുവൻ ബസുകളും പരിശോധിക്കും. മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ 8 സ്ക്വാഡുകളാണ് ഒരേസമയം ജില്ലയിൽ പരിശോധന നടത്തുക

Related Articles

Latest Articles