തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് പ്രതിയെ കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർഛത്രം പോലീസ്. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു. ഇതാണ് പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്ന സംശയം ഉയരാൻ കാരണം.പ്രദേശത്തെ പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. നിരവധി പെയിന്റിംഗ് തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.
അക്രമി തമിഴ് സംസാരിക്കുന്നയാളാണെന്നാണ് യുവതിയുടെ മൊഴി. ഗാർഡ് റൂമിൽ കയറി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിയെന്നും പോലീസിന് മൊഴി നൽകി.പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപ്പെട്ടത്. അക്രമത്തിനിരയായ യുവതിയുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളാണ്.

