ദില്ലി: ഫെബ്രുവരി 14നാണ് റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടുഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.ഇതേത്തുടർന്നാണ് അന്വേഷണം സഹിലിന്റെ അടുത്ത് എത്തിയത്.സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാൾ സഹിൽ ഗെലോട്ടിന്റെ പിതാവാണ്. സഹിൽ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവിന്റെ സഹായത്തോടെയാണെന്ന് പോലീസ് വ്യക്തമാക്കി.അതിനിടെ കേസിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായിരുന്നതായി പോലീസ് അറിയിച്ചു.സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അംഗീകരിച്ചില്ല. അവർ സഹിലിനെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു.
പങ്കാളിയുടെ വിവാഹം വേറൊരു പെൺകുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. നിക്കിയെ സഹിൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. തുടർന്നായിരുന്നു കൊലപാതകം. കൃത്യം നടന്ന ദിവസം നിക്കി യാദവ് വാടകവീട്ടിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.

