Monday, April 29, 2024
spot_img

റോഡ് ക്യാമറ വിവാദം മുറുകുന്നതിനിടെ സെക്രട്ടേറിയറ്റിലെ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ തീപിടിത്തം; കഴിഞ്ഞ തവണ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് സ്വർണ്ണക്കടത്ത് വിവാദം കത്തി നിന്നപ്പോൾ

തിരുവനന്തപുരം : പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സ്വർണക്കടത്ത് വിവാദം കത്തി നിന്ന സമയത്ത് 2020 ഓഗസ്റ്റിൽ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഫയലുകൾ കത്തി നശിച്ചെന്നാരോപിച്ച് പ്രതിപക്ഷം അന്ന് പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു. അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് മന്ത്രി പി.രാജീവിന്റെ ഓഫിസിൽ തീപിടിത്തം ഉണ്ടായത്. അഡി.പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ഓഫിസ് വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് തീ പടരുന്നത് കണ്ടത്. എസിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് പി.രാജീവിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്. ഇതിനു മുകളിലാണ് മുഖ്യമന്തിയുടെ ഓഫിസ്.

കെൽട്രോൺ റോഡ് ക്യാമറകൾ വാങ്ങിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം മുറുകുമ്പോഴാണ് വകുപ്പ് മന്ത്രിയായ പി.രാജീവിന്റെ ഓഫിസിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഫയലുകൾ തീപിടിത്തത്തിൽ നശിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് പറയുന്നത്. ഇ ഫയലായതിനാൽ ഫയലുകൾ തീ പിടിത്തത്തിൽ നശിക്കില്ല. കത്തിനശിച്ചത് ഫാനും കസേരകളും വാൾ സീലിങുമാണെന്നും ഫയര്‍ഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ ജീവനക്കാർ തീ അണച്ചെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കെൽട്രോണിന്റെ റോഡ് ക്യാമറയുമായി ബന്ധപ്പെട്ട ഫയലുകളുള്ളത് വ്യവസായവകുപ്പിന്റെ സെക്‌ഷനിലും കെൽട്രോണിലുമാണ്. എന്നാൽ റോഡ് ക്യാമറകളുടെ ഫയലുകൾ മന്ത്രിയുടെ ഓഫിസിൽ സൂക്ഷിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.

2020ൽ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സര്‍ക്യൂട്ട് ആണെന്നതിന് തെളിവു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു ഫൊറൻസിക് റിപ്പോർട്ട്. ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനത്തിനെ സാധൂകരിക്കാത്തതായിരുന്നു ഫൊറൻസിക് റിപ്പോർട്ട് .

Related Articles

Latest Articles