Monday, September 21, 2026

ഇന്ത്യൻ മണ്ണിൽ അഭയം തേടിയ ജൂതർക്ക് കാവലായ വീരൻ; നൂറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തോടുള്ള നന്ദിസൂചകമായി ഇസ്രയേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ സ്മാരകമുയരുന്നു! ചരിത്രപരമായ പ്രഖ്യാപനവുമായി ഇസ്രയേൽ കോൺസുലേറ്റ്

മുംബൈ : മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനൊരുങ്ങുന്നു. മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറലാണ് ഇന്ത്യ-ഇസ്രയേൽ സൗഹൃദ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്. ചരിത്രപരവും ഒപ്പം ഭാരതത്തിന് ഏറെ അഭിമാനകരവുമായ വാർത്തയാണിതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു. ശിവാജി മഹാരാജിന്റെ 350-ാമത് പട്ടാഭിഷേക വാർഷികമായ ‘ശിവരാജ്യാഭിഷേക് ദിന’ത്തോട് അനുബന്ധിച്ചാണ് ഇസ്രയേലിന്റെ ഈ ആദരം.

ഇന്ത്യയിലെ ജൂതവിഭാഗമായ ‘ബെനെ ഇസ്രയേലികൾക്ക്’ മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെ മുൻനിർത്തിയാണ് പ്രതിമ സ്ഥാപിക്കുന്നത്. ലോകമെമ്പാടും ജൂതന്മാർ പീഡനങ്ങളും ഭീഷണികളും നേരിട്ടിരുന്ന കാലത്ത്, യാതൊരുവിധ വിവേചനവുമില്ലാതെ അവർക്ക് സുരക്ഷിതമായി ജീവിക്കാൻ അഭയം നൽകിയ ചുരുക്കം രാജ്യങ്ങളിൽ ഒന്നായിരുന്നു ഭാരതം. അക്കാലത്ത് കൊങ്കൺ തീരത്തെത്തിയ ഇവർ മറാഠി ഭാഷയും പ്രാദേശിക സംസ്‌കാരവും സ്വീകരിക്കുകയും അതോടൊപ്പം തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു. ശിവാജിയുടെ സൈന്യത്തിൽ ചേർന്ന് ധീരമായി പോരാടിയ ഇവർ പിൽക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലും സജീവമായിരുന്നു. നിലവിൽ ഇസ്രയേലിൽ സ്ഥിരതാമസമാക്കിയ ഈ വിഭാഗം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായാണ് ഈ പ്രതിമാ നിർമാണത്തെ കാണുന്നത്.

മറാത്താ സാമ്രാജ്യവുമായി ബന്ധപ്പെട്ട പങ്കിട്ട ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഈ സുവർണ്ണ അധ്യായത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ സ്മാരകമെന്ന് മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ യാനിവ് റെവാച്ച് വ്യക്തമാക്കി. പ്രതിമ നിർമാണത്തിന് മഹാരാഷ്ട്ര സർക്കാരിന്റെ നയതന്ത്ര-കലാപരമായ സഹകരണവും മാർഗനിർദേശവും അഭ്യർത്ഥിച്ച് അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തയച്ചു. മുഖ്യമന്ത്രി ഇതിന് പൂർണ്ണ പിന്തുണ ഉടൻ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതൊരു വലിയ ജനകീയ പദ്ധതിയാക്കി മാറ്റുമെന്നും ഈ സംരംഭം ഇരുരാജ്യങ്ങളെയും നിർവചിക്കുന്ന ധീരത, നേതൃത്വം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾക്കുള്ള ശാശ്വതമായ ആദരമായി നിലകൊള്ളുമെന്നും യാനിവ് റെവാച്ച് പ്രത്യാശ പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ സ്ഥിരതാമസമാക്കിയ ബെനെ ഇസ്രയേൽ സമൂഹത്തെ പ്രാദേശികമായി ‘ശനിവാർ തേലി’ എന്നാണ് വിളിച്ചിരുന്നത്. എണ്ണയാട്ടുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന ഇവർ ജൂത മതവിശ്വാസപ്രകാരം ശനിയാഴ്ചകളിലെ വിശുദ്ധമായ ‘സാബത്ത്’ ദിനത്തിൽ ജോലിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നിരുന്നു. തിങ്കളാഴ്ചകളിൽ വിശ്രമമെടുത്തിരുന്ന ഹിന്ദു എണ്ണയാട്ടുകാരെ ‘സോംവാരി തേലികൾ’ എന്നും വെള്ളിയാഴ്ചകളിൽ ഒഴിവെടുത്തിരുന്ന മുസ്ലീം എണ്ണയാട്ടുകാരെ ‘ശുക്രവാർ തേലികൾ’ എന്നും വിളിച്ചിരുന്ന വേളയിലാണ്, തങ്ങളുടെ മതപരമായ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ഇവർ മഹാരാഷ്ട്രയുടെ സാമൂഹിക പശ്ചാത്തലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്. ഭാരതത്തോടുള്ള ജൂതസമൂഹത്തിന്റെ ആദരവും പങ്കുവെക്കപ്പെട്ട വീരചരിത്രവും വിളിച്ചോതുന്നതാണ് ഇസ്രയേലിലെ പുതിയ ശിവാജി പ്രതിമാ പദ്ധതി.

Related Articles

Latest Articles