Sunday, May 19, 2024
spot_img

77 ൽ നിന്നും 17 ലേക്കുള്ള വൻ പതനം ;
ഗുജറാത്തിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ്;
ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെച്ച് രഘു ശർമ്മ

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിയുടെ ചുമതലയൊഴിഞ്ഞ് കോൺഗ്രസ് നേതാവ് രഘു ശർമ്മ. തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 17 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്.

തെരഞ്ഞെടുപ്പിന്റെ സമ്പൂർണ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് രാജിക്കത്ത് കൈമാറിയെന്ന് രഘുശർമ്മ വ്യക്തമാക്കി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലയിൽ നിന്നും ഒഴിയുകയാണ്. തന്റെ രാജികത്ത് സ്വീകരിക്കണം എന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ ആധിപത്യം വ്യക്തമായിരുന്നു.156 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയത്. കോൺഗ്രസ് 17 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ അഞ്ച് സീറ്റുകളിൽ ആംആദ്മി ഒതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. അതിൽ നിന്നുമാണ് 17 ലേക്ക് പാർട്ടി ചുരുങ്ങിയത്. നേതൃത്വത്തെപ്പോലും ഞെട്ടിക്കുന്ന തോൽവിയാണ് കോൺഗ്രസ് ഗുജറാത്തിൽ നേരിട്ടത്.

കോൺഗ്രസിന്റെ വോട്ട് ശതമാനത്തിലും വലിയ കുറവാണ് ഇക്കുറി ഉണ്ടായത്. കോൺഗ്രസിന്റെ വോട്ടുകൾ വലിയ തോതിൽ ആംആദ്മിയിലേക്ക് ചോർന്നതും തെരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Related Articles

Latest Articles