Tuesday, May 7, 2024
spot_img

ജോലിവാഗ്ദാനം ചെയ്ത് പണം തട്ടി;എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി;ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ

കൊച്ചി: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി.എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫീസർ വാണിയക്കാട് ആലിംഗപൊക്കം അറക്കപ്പറമ്പിൽ എ.ജെ. അനീഷിനെതിരെയാണ് പരാതി.കോട്ടുവള്ളി കൈതാരം കുഴുവേലിപ്പാടത്ത് ദേവകൃഷ്ണൻ (26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പറവൂർ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം എക്സൈസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തു.

റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് 65 പേരിൽ നിന്ന് ഇയാൾ പണം വാങ്ങിയതായി എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം.എറണാകുളം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥൻ പലരിൽ നിന്നും പണം വാങ്ങിയതായി പരാതി വന്നിട്ടുണ്ട്.അതിൽ റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഉദ്യോഗസ്ഥൻ ഏറെ നാളുകളായി ലീവിലാണ്. റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജയചന്ദ്രൻ പറഞ്ഞു.

ഇയാൾ മുമ്പ് റഷ്യയിൽ ജോലിക്കെത്തിച്ചു എന്ന് അവകാശപ്പെടുന്ന യുവാവാണ് അവിടെ ജോലിയുണ്ടെന്നും അനീഷിനെ ബന്ധപ്പെട്ടാൽ കിട്ടുമെന്നും ആളുകളോടു പറഞ്ഞത്. രണ്ടുലക്ഷം രൂപ നൽകിയാൽ ജോലി നൽകാമെന്ന് അനീഷ് എല്ലാവർക്കും ഉറപ്പ് നൽകി. ഇത്ര വലിയ തുക നൽകുന്നതിനാൽ കരാറുണ്ടാക്കണം എന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ജോലി ഉള്ളതിനാൽ തനിക്ക് കരാറിൽ ഏർപ്പെടാൻ പറ്റില്ലെന്നായിരുന്നു മറുപടി.

എക്സൈസ് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ കാണിച്ചും പറഞ്ഞു വിശ്വസിപ്പിച്ചും അനീഷ് പണം വാങ്ങിയെടുക്കുകയായിരുന്നു.പണം നൽകി നാളുകൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോൾ വാങ്ങിയ പണം തിരികെ നൽകാമെന്നായി. എന്നാൽ, ഇതും ഒഴിവ് പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ഒടുവിൽ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോൾ ആളുണ്ടായിരുന്നില്ല. ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. എക്സൈസ് ഓഫീസിലും ഇയാൾ എത്തുന്നില്ലെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരമെന്ന് ഉദ്യോഗാർഥികൾ പരാതിയിൽ വിശദീകരിക്കുന്നു.ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Latest Articles