Wednesday, May 8, 2024
spot_img

ആനമല റോഡില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം; ഒരു മണിക്കൂറിലേറെ സമയം ഒറ്റയാന്‍ വാഹനങ്ങള്‍ തടഞ്ഞു,കെ.എസ്.ആര്‍.ടി.സി. ബസ് ആക്രമിക്കാന്‍ ചിഹ്നം വിളിച്ചു ഓടിയടുത്ത ഒറ്റയാന്‍
അക്രമിക്കാതെ പിന്തിരിഞ്ഞു

ആനമല :ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സംസ്ഥാനപാതയായ ആനമല റോഡിലായിരുന്നു ഒറ്റയാൻ ഭീതി പരത്തിയത്. മദപ്പാടിലുള്ള ഒറ്റയാന്‍ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരം വാഹനങ്ങള്‍ തടഞ്ഞിട്ടു. റോഡിലൂടെ തലങ്ങും വിലങ്ങും നടന്നും മാറാതെ നിന്നുമായിരുന്നു ആനയുടെ കുറുമ്പ്.മുന്നോട്ട് നടക്കുന്നതിനിടെ പിന്നിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആക്രമിക്കാന്‍ ഛിന്നം വിളിച്ച് ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിന്തിരിഞ്ഞു പോവുകയായിരുന്നു. ചൊവ്വാഴ്ച അമ്പലപ്പാറയില്‍ നിന്ന് തുടങ്ങിയ തുടങ്ങിയ തടയല്‍ എട്ട് കിലോ മീറ്ററിലേറെ ആനക്കയത്തിന് സമീപമാണ് അവസാനിച്ചത്. ആനക്കയത്ത് വച്ച് ആന കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്.

സ്വകാര്യ ബസടക്കം നിരവധി വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറ ദൂരം പിറകോട്ടെടുത്തു. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള കാനന പാതയില്‍ ഏറെ ശ്രമകരമായിരുന്നു വാഹനങ്ങള്‍ പിറകോട്ടെടുക്കല്‍. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് ഉള്ള രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും ചാലക്കുടിലേക്കും വാല്‍പ്പാറയിലേക്കും ഉള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി കാനനപാതയില്‍ കുടുങ്ങി കിടന്നു. കഴിഞ്ഞ ആഴ്ച ഇതേ ഒറ്റയാന്‍ രണ്ട് തവണ ഷോളയാര്‍ പവര്‍ ഹൗസിലെത്തിയിരുന്നു. വൈദ്യുതോല്പാദനം നടക്കുന്ന സമയത്ത് ആന പവര്‍ ഹൗസിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദിവസങ്ങള്‍ക്ക് മുന്‍പ് വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചതും മദപ്പാടിലുള്ള ഇതേ ആന തന്നെയാണ്. ആന വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ ഈ റൂട്ടിലൂടെയുള്ള യാത്രക്കാരും വിനോദ സഞ്ചാരികളും ഭീതിയിലാണ്.

Related Articles

Latest Articles