Monday, September 21, 2026

അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങൾ ! പ്രവേശന പരീക്ഷ പാസാകാൻ വ്യാജമായി ചമച്ചത് നിരവധി വിവരങ്ങൾ ! പൂജ ഖേദ്കറുടെ ഐഎഎസ് സെലക്ഷൻ റദ്ദാക്കുമെന്ന് യുപിഎസ്‌സി

സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെ വിവാദ നായികയായി മാറിയ മുൻ പുണെ അസിസ്റ്റന്റ് കളക്ടറും ഐഎഎസ് ട്രെയിനിയുമായ പൂജ ഖേദ്കറുടെ ഐഎഎസ് സെലക്ഷൻ റദ്ദാക്കാൻ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് കമ്മിഷൻ പുറത്തുവിട്ടു. പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങൾ ഇവർ വ്യാജമായി ചമച്ചുവെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.

കമ്മിഷന്റെ അന്വേഷണത്തിൽ നിന്നും പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ, പൂജയ്ക്കെതിരെ പരാതി സമർപ്പിക്കും. സെലക്ഷൻ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാനും ആവശ്യപ്പെടും. അവരുടെ മറുപടി അനുസരിച്ചായിരിക്കും തുടർനടപടികളെന്നാണ് റിപ്പോർട്ട്. ഭാവിയിൽ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും ഇവരെ വിലക്കിയേക്കാമെന്നും യുപിഎസ്‌സി വ്യക്തമാക്കി. നേരത്തെ സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റി.

2022 ബാച്ച് ഐഎഎസ്. ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നും ആരോപണമുയർന്നിരുന്നു. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യുപിഎസ്‌സിപരീക്ഷയെഴുതിയത്. ഒബിസി വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐഎഎസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് വിവരം.

Related Articles

Latest Articles