ഇരിക്കൂർ : ദുബായിൽ വിവാഹ വാഗ്ദാനം നൽകി മലയാളി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന ഉത്തർപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തത് ദുബായിലേക്കുള്ള മടക്ക യാത്രയ്ക്കു തയാറെടുക്കവേ. സംഭവത്തിൽ ഉത്തർപ്രദേശ് ബറേലി ഇസ്സത് നഗർ സ്വദേശി നദീം ഖാനെയാണ് (26) ബറേലി പൊലീസിന്റെ സഹകരണത്തോടെ ഇരിക്കൂർ പൊലീസ് പിടികൂടിയത്.
ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തഞ്ചുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്. ദുബായിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ഇവിടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന നദീം ഖാനുമായി സൗഹൃദത്തിലാവുകയായിരുന്നു. ശേഷം ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.
എന്നാൽ യുവതി ഗർഭിണിയായതോടെ പ്രതി നാട്ടിലേക്കു കടന്നു. പിന്നീട് യുവതി നാട്ടിലെത്തി ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഏഴാം മാസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് രണ്ടാഴ്ച മുൻപ് മരിച്ചു.
പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ അന്വേഷണസംഘത്തിന് ഇയാളുടെ കൃത്യമായ ലൊക്കേഷൻ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ഇയാൾ ഇന്ന് വീണ്ടും ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തുന്നതിനായി ഇസ്സത് നഗറിലെ വീട്ടിലെത്തിയതായുള്ള രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് ഇരിക്കൂർ പൊലീസ് അവിടെ ഇയാളെ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

