Wednesday, November 4, 2026

പല്ലുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി യുവതി യുകെയിൽ ചികിത്സയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു ; മൃതദേഹം നാട്ടിലെത്തിക്കും

ലണ്ടൻ : കടുത്ത പല്ലുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി യുവതി യുകെയിൽ ചികിത്സയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീനാ ജോസഫ് (46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് വെള്ളിയാഴ്ച മെറീനയെ ബ്ലാക്ക്പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സ പുരോഗമിക്കവേ കുഴഞ്ഞു വീണതിനെ തുടർന്നു മെറീനയെ പ്രസ്റ്റൺ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവിടെ ചികിത്സ തുടരവേ തുടർച്ചയായി ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.സർജറിക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതൽ വഷളാകുകയും രാത്രി എട്ടു മണിയോടെ മരിക്കുകയുമായിരുന്നു.

ജോലി സംബന്ധമായി ബ്ലാക്ക് പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. പതിനെട്ട്, പതിനഞ്ച് വയസ് വീതം പ്രായമുള്ള രണ്ട്‌ പെണ്മക്കളുടെ മാതാവാണ്‌. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടിക്രമങ്ങൾക്കായി ബ്ലാക്ക് പൂൾ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ മെറീനയുടെ ബന്ധുക്കൾക്ക് ഒപ്പമുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തും.

Related Articles

Latest Articles