നീമച്ച് : തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ സ്വന്തം ശരീരം കവചമാക്കിയ അങ്കണവാടി കേന്ദ്രത്തിലെ പാചകകാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ രൺപൂർ ഗ്രാമത്തിലാണ് സംഭവം. കാഞ്ചൻ ബായി മേഘ്‌വാളാണ് മരിച്ചത്. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഇരുപതോളം കുട്ടികളെയാണ് ഈ നാൽപ്പത്തിയഞ്ചുകാരി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അങ്കണവാടി പരിസരത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് വൻ തേനീച്ചക്കൂട്ടം ഇളകിയെത്തിയത്. ഒട്ടും പരിഭ്രമിക്കാതെ, തൊട്ടടുത്തുണ്ടായിരുന്ന പായകളും ടാർപോളിൻ ഷീറ്റുകളും ഉപയോഗിച്ച് ഓരോ കുട്ടിയെയും പൊതിഞ്ഞുപിടിച്ച് സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് മാറ്റാൻ കാഞ്ചൻ ബായി തയ്യാറായി. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നൂറുകണക്കിന് തേനീച്ചകൾ കാഞ്ചൻ ബായിയെ ആക്രമിച്ചു. തന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും അവസാനത്തെ കുഞ്ഞും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ അവർ പിന്മാറാൻ തയ്യാറായില്ല.
ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ കാഞ്ചൻ ബായിയെ പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആ ധീരമായ പോരാട്ടത്തിന്റെ അടയാളങ്ങളെന്നോണം അവരുടെ ശരീരമാസകലം തേനീച്ചകളുടെ കുത്തേറ്റ പാടുകളായിരുന്നു.
അങ്കണവാടിയിലെ പാചകത്തൊഴിലാളി എന്നതിലുപരി ഗ്രാമത്തിലെ ‘ജയ് മാതാജി’ സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്നു ഇവർ. പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഭർത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കാഞ്ചൻ ബായി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഗ്രാമത്തിൽ എത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെയാണ് ഗ്രാമവാസികൾ തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് യാത്രമൊഴി നൽകിയത്. നിലവിൽ അങ്കണവാടിക്ക് സമീപമുള്ള മരത്തിലെ തേനീച്ചക്കൂട് നീക്കം ചെയ്യണമെന്നും, വീരമൃത്യു വരിച്ച കാഞ്ചൻ ബായിയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നുമാണ് ഗ്രാമവാസികളുടെ ആവശ്യം.

