ഭാരതപ്പുഴയുടെ തീരങ്ങളെ ഭക്തിസാന്ദ്രമാക്കിയ മഹാമാഘമഹോത്സവം ചരിത്രത്താളുകളിൽ ഇടംപിടിച്ച് സമാപിച്ചു. നീണ്ട പത്തൊമ്പത് ദിവസം ആത്മീയാനുഭവംതീർത്ത ഭാരതപ്പുഴയിലെ യജ്ഞവേദിയിലേക്ക് സമാപനദിവസമായ ചൊവ്വാഴ്ചയും ആയിരങ്ങളെത്തി. ഇരുപതുലക്ഷത്തിലേറെപ്പേർ ദിവസങ്ങളിലായി തിരുനാവായയിലെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.
മകം നക്ഷത്രം, ദ്വിതീയ തിഥി എന്നിവ ഒത്തുവരുന്ന ഈ ദിവസം രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ) യോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഇതിനുശേഷം നിളയിലെ ആരതീഘട്ടിൽ മഹാമാഘത്തിന്റെ പ്രധാന ചടങ്ങായ അമൃതസ്നാനം നടന്നു. മണപ്പുറത്ത് തിങ്ങിനിറഞ്ഞ ഭക്തരും നാഗസന്ന്യാസിമാർ ഉൾപ്പെടെയുള്ള സന്ന്യാസിമാരും പങ്കെടുത്തു. ഭാരതത്തിലെ സപ്തനദികളിലെയും ജലം ഇവിടെ സംഗമിക്കുന്നൂവെന്ന സങ്കല്പത്തിൽ സന്ന്യാസിസമൂഹവും ഭക്തരും നിളയിൽ മുങ്ങിനിവർന്നു.
തുടർന്ന് സന്ന്യാസിമാർക്ക് യതിപൂജയർപ്പിച്ചു. സന്ന്യാസിമാർക്ക് അന്നവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ‘ഭണ്ഡാര’യുമുണ്ടായി.നിളയിൽ സന്ധ്യക്കു നടന്ന മനോഹരമായ നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായി മഹാമാഘം നടത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് സഭാപതി മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പ്രതികരിച്ചു. 2027-ൽ പൌഷപൗർണമി മുതൽ ശിവരാത്രി വരെ 45 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ മഹാമാഘം നടത്താനാണ് ആലോചിക്കുന്നത്. അതില്ലെങ്കിൽ ചുരുങ്ങിയത് മുപ്പതുദിവസമെങ്കിലും നീളുന്നതാവും മേള. സംഘടനാപ്രവർത്തനങ്ങൾ ഈ ഏപ്രിലിൽ തുടങ്ങും. 2028-ൽ പ്രയാഗ് രാജിലേതിനുസമാനമായി മഹാകുംഭമേളയെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാകും നടത്തുക. എല്ലാ പരമ്പരകളിലേയും ആചാര്യന്മാർ എത്തും. വിവിധ സമ്പ്രദായങ്ങളിലുള്ള പൂജകളും അനുഷ്ഠാനങ്ങളും ഉണ്ടാകും -സഭാപതി മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പറഞ്ഞു

