റാഞ്ചി: രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന നയങ്ങളും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) ദേശീയ സമിതി യോഗത്തിന് റാഞ്ചിയിൽ തുടക്കമായി. ബിഎംഎസ് ദേശീയ അധ്യക്ഷൻ എസ്. മല്ലേശം യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി സുരേന്ദ്രകുമാർ പാണ്ഡെ, ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രൻ, മുൻ ദേശീയ പ്രസിഡന്റ് സി.കെ. സജിനാരായണൻ, ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ വി. ഭാഗയ്യ എന്നിവർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നു.
രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്ന നിലവിലെ വെല്ലുവിളികൾ, തൊഴിലാളി ക്ഷേമം, തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം, ഭാവി സംഘടനാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടക്കും. തൊഴിലാളി പ്രസ്ഥാനത്തിന്റെ വരുംകാല പ്രവർത്തനങ്ങൾക്ക് നിർണായകമായ തീരുമാനങ്ങൾ ഈ യോഗത്തിൽ രൂപംകൊള്ളുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, എം.പി. രാജീവൻ, വി. രാധാകൃഷ്ണൻ, കെ. മഹേഷ് കുമാർ, പി. ജയപ്രകാശ്, ഇ. ബാലചന്ദ്രൻ, ആശാമോൾ ആദർശ്, എസ്. ദുരൈരാജ് എന്നിവർ ദേശീയ സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനുള്ള നയപരമായ ചർച്ചകൾക്ക് വേദിയാകുന്ന ഈ ദേശീയ യോഗം ബിഎംഎസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ.

