Monday, September 21, 2026

തമിഴകത്ത് പുതിയ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ട് നീണ്ടുനിന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിശ മാറ്റിക്കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. 1967-ന് ശേഷം ഡിഎംകെ, എഐഎഡിഎംകെ ഇതര കക്ഷികളിൽ നിന്ന് തമിഴ്നാടിന്റെ ഭരണത്തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയായാണ് വിജയ് ചരിത്രം കുറിച്ചത്. മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അവിസ്മരണീയ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളായ ശോഭയും എസ്.എ. ചന്ദ്രശേഖറും വേദിയിലെത്തിയിരുന്നു. മാതൃദിനത്തിൽ മകന്റെ ഈ നേട്ടം കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ശോഭ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ദേശീയ നേതാക്കളുടെയും സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. അഞ്ച് ദിവസം നീണ്ടുനിന്ന നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് വിജയ് ഭൂരിപക്ഷം തെളിയിച്ചത്. 108 സീറ്റുകൾ നേടിയ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്ലീം ലീഗ് എന്നീ പാർട്ടികൾ സഹകരിച്ചു. നിലവിൽ 120 എംഎൽഎമാരുടെ പിന്തുണയുള്ള സഖ്യത്തെയാണ് വിജയ് നയിക്കുന്നത്. പുറത്തുപോകുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടലും ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ സഖ്യകക്ഷികളെ പ്രേരിപ്പിച്ചതായി ഡിഎംകെ വക്താക്കൾ അറിയിച്ചു.

വിജയ്‌ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യൻ, വിശ്വസ്തനായ ആദവ് അർജുന, ജനറൽ സെക്രട്ടറി ആനന്ദ്, യുവ പ്രതിനിധി കീർത്തന എന്നിവരടങ്ങുന്ന സന്തുലിതമായ മന്ത്രിസഭയാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐആർഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. അരുൺ രാജ്, ഡോ. ടി.കെ. പ്രഭു, നിർമൽ കുമാർ തുടങ്ങിയവർ മന്ത്രിസഭയിലെ പ്രധാന മുഖങ്ങളാണ്. മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ പുതിയ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ നടന്ന ചടങ്ങിൽ പ്രിയതാരത്തിന്റെ സിംഹാസനാരോഹണം കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് പുറത്തും തടിച്ചുകൂടിയത്

Related Articles

Latest Articles