2024-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഭാരതത്തോട് മാപ്പ് പറഞ്ഞ് മെറ്റ. സുക്കർബർഗിൻ്റെ പരാമർശത്തിൽ കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഐടി പാർലമെൻ്ററി പാനലിൻ്റെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മെറ്റയുടെ മാപ്പ് പറച്ചിൽ.
ഈ മാസം 10-ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ സർക്കാരിന് അധികാരം നഷ്ടപ്പെട്ടുവെന്ന മാർക്ക് സുക്കർബർഗിൻ്റെ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നത്. 2024ൽ ലോകത്തെ വിവിധ ഇടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയുൾപ്പെടെ നിലവിലുണ്ടായിരുന്ന മിക്ക സർക്കാരുകളും കോവിഡിന് ശേഷമുള്ള തോൽവി ഏറ്റുവാങ്ങിയെന്നായിരുന്നു സുക്കർബർഗ് പ്രസ്താവന നടത്തിയത്.കോവിഡ് മഹാമാരിക്കുശേഷം വിവിധരാജ്യങ്ങളിലെ സര്‍ക്കാരുകളോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞ സക്കര്‍ബര്‍ഗ് അതിനുദാഹരണമാണ് 2024-ല്‍ ഇന്ത്യയിലെ ഭരണകക്ഷി പരാജയപ്പെട്ടത് എന്നും പരാമര്‍ശിച്ചിരുന്നു.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍യ മെറ്റയ്ക്ക് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സമന്‍സ് അയച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാവും മെറ്റയെ വിളിച്ചുവരുത്തുകയെന്ന് വാര്‍ത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്‍മാനും ബിജെപി എം.പിയുമായ നിഷികാന്ത് ദുബെ നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റുപറ്റിയതിന്റെ പേരില്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും സ്ഥാപനം മാപ്പു പറയേണ്ടതാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം എക്‌സിലൂടെ പറഞ്ഞു.
സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും എക്‌സിൽ വ്യക്തമാക്കിയിരുന്നു . സക്കര്‍ബര്‍ഗില്‍നിന്ന് വ്യാജവിവരം പ്രചരിച്ചത് ഖേദകരണമാണെന്നും സത്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചു. ഈ ട്വീറ്റിന് മറുപടിയായാണ് മെറ്റ മാപ്പ് പറഞ്ഞത്.
2024-ലെ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പല പാര്‍ട്ടികളും പരാജയപ്പെട്ടെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരീക്ഷണം പലരാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്നാല്‍, അതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. അശ്രദ്ധകാരണമുണ്ടായ ഈ പിഴവില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. മെറ്റയെ സംബന്ധിച്ച് ഇന്ത്യ വളരെയധികം പ്രധാനമാണ്. ഇന്ത്യയുടെ മികച്ച ഭാവിയ്ക്കുവേണ്ടിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’, മെറ്റയുടെ വൈസ് പ്രസിഡന്റ് ശിവ്കാന്ത് തുക്രാള്‍ എക്‌സില്‍ കുറിച്ചു.

