ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണം. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
അതേസമയം, സുന്ദരകാലത്തിന്റെ ഓർമ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഉണർത്തുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു. ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ ഓരോ മലയാളിയും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

