Sunday, May 26, 2024
spot_img

സൈബർ ആക്രമണം !വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നൽകി അച്ചു ഉമ്മൻ; പോലീസിൽ നൽകിയ പരാതി സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നൽകി.

സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെയാണ് അച്ചു ഉമ്മൻ പൂജപ്പുര പോലീസിൽ പരാതി നൽകിയത്. ഇതിനു പുറമെ വനിതാ കമ്മിഷനും തെരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ പറഞ്ഞിരുന്നു.

“പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ” എന്നായിരുന്നു അച്ചു ഉമ്മൻ ഇന്നലെ പ്രതികരിച്ചിരുന്നത്.

സ്വന്തമായി ഒന്നും സമ്പാദിക്കാത്ത പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടിയുടെ മകളുടെ ആർഭാട ജീവിതത്തിന്റെ കണക്കെന്ന് പറഞ്ഞായിരുന്നു സൈബർ ആക്രമണം
കടുപ്പിച്ചത്. ആരോപണങ്ങൾക്ക് മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയെങ്കലും സൈബറാക്രമണത്തിന് കുറവൊന്നുമുണ്ടായില്ല. നേരത്തെ സൈബർ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മൻ ദുബായിൽ അംഗീകൃത സമൂഹ മാദ്ധ്യമ ഇൻഫ്ലുവൻസറും പരസ്യങ്ങളും മറ്റും ചെയ്യുന്ന കമ്പനിയുടെ ഉടമയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ് ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്” എന്ന് അച്ചു ഉമ്മൻ സമൂഹ മാദ്ധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു

Related Articles

Latest Articles