Tuesday, November 3, 2026

മൂന്നാമതും ജനിക്കുന്നത് പെണ്‍കുഞ്ഞ്; ഭാര്യ ഗര്‍ഭച്ഛിദ്രത്തിന് വഴങ്ങാത്തതിൽ അടങ്ങാത്ത പക; ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽകുളത്തിൽ മുക്കിക്കൊന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ അറസ്റ്റില്‍

ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ യുവതിയും രണ്ട് പിഞ്ചുമക്കളും നീന്തൽക്കുളത്തിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഫർഹത്ത് (26), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ ഭർത്താവ് അസ്ഹറുദ്ദീൻ നീന്തൽക്കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കുളത്തിൽ വീണ ഫർഹത്തിനെയും മക്കളെയും ഉടൻ തന്നെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയും മക്കളും അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നായിരുന്നു അസ്ഹറുദ്ദീൻ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ അസ്ഹറുദ്ദീന്റെ മൊഴികളിലെ വൈരുദ്ധ്യം പുറത്തുവന്നു. മൂന്നാമതും ഗർഭിണിയായ ഫർഹത്തിന്റെ ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പോലീസ് പറയുന്നു. മകൻ വേണമെന്ന വാശിയിലായിരുന്ന അസ്ഹറുദ്ദീൻ ഗർഭം അലസിപ്പിക്കാൻ ഫർഹത്തിനെ നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിന് വഴങ്ങാതിരുന്ന ഫർഹത്തിനെയും മക്കളെയും കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. കൃത്യം നടത്തുന്നതിന് തൊട്ടുമുൻപ് നീന്തൽക്കുളത്തിലെ സിസിടിവി ക്യാമറകൾ അസ്ഹറുദ്ദീൻ തന്നെ സ്വിച്ച് ഓഫ് ചെയ്തതായും മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ ഇയാൾ സംഭവസമയത്ത് കുളത്തിനരികിൽ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

മകളുടെ മരണം അപകടമല്ലെന്നും ഭർത്താവ് നിരന്തരം ഫർഹത്തിനെ ഗർഭച്ഛിദ്രത്തിനായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഫർഹത്തിന്റെ പിതാവ് അലി പോലീസിന് മൊഴി നൽകി. പ്രണയവിവാഹമായിരുന്നിട്ടും പെൺകുട്ടികൾ ജനിച്ചതിന്റെ പേരിൽ അസ്ഹറുദ്ദീൻ നിരന്തരം വഴക്കിട്ടിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അസ്ഹറുദ്ദീനെ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles