ആലപ്പുഴ : മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ 35) ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
“ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ എന്‍ജിന്‍ ഭാഗത്തുനിന്ന് തീപടര്‍ന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. എന്നാൽ എന്‍ജിന്‍ ഭാഗത്തിന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. വയറുകളോ ഫ്യൂസുകളോ കേടായിട്ടില്ല. ഇതാണ് ദുരൂഹതയുണർത്തുന്നത്. വയറിങ് എല്ലാം കത്തിയിട്ടുണ്ടായിരുന്നു. കാറില്‍ സിഗരറ്റ് ലാമ്പ് ഉണ്ടായിരുന്നു. ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന ആളായിരുന്നു മരിച്ച കൃഷ്ണപ്രകാശ്” ഉദ്യോഗസ്ഥൻ പറഞ്ഞു.
മാവേലിക്കരയിലെ കണ്ടിയൂരില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസുമെത്തിയാണ് തീയണച്ചത്.

