തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്. വിഷു ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബാറിലെത്തിയ സുമനും മറ്റ് മൂന്ന് പേരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപാനത്തിനിടെ ആരംഭിച്ച തർക്കത്തിന് പിന്നാലെ ബാറിന് പുറത്തിറങ്ങിയ സുമനെ മൂന്നംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ കടന്നുപോയ കാറിലുണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയ വീഡിയോയിൽ പ്രതികൾ സുമനെ അതിക്രൂരമായി മർദ്ദിക്കുന്നത് വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അച്ചു എസ്. ബാബു, സൂരജിത്ത്, അനന്ദു കൃഷ്ണപ്രസാദ് എന്നിവരാണ് പിടിയിലായ പ്രധാനികൾ. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു വരികയാണ്. സുമന്റെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

